കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ചോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ ഡി എഫും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു.
വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കണ്ടെത്തുകയെന്ന ആദ്യ കടമ്പയാണ് നിലവിൽ മുന്നണികൾക്ക് കടക്കാനുള്ളത്. സിറ്റിംഗ് എം എൽ എമാരിൽ എല്ലാവരും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് യു ഡി എഫ് വ്യക്തമാക്കിയിരിക്കുന്നത്. മുൻ മന്ത്രിയും തൃപ്പൂണിത്തുറ എം എൽ എയുമായ കെ ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്തണം. ലൈംഗിക ആരോപണ കേസിൽ അകപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് ആര് മത്സരിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഘടക കക്ഷികളുമായി വച്ചുമാറേണ്ട സീറ്റുകളെ കുറിച്ചും അവ്യക്തത നിലനിൽക്കുകയാണ്. മുസ്ലിംലീഗ്, കേരളാ കോൺഗ്രസ് ജോസഫ് വിഭാഗങ്ങളുമായാണ് സീറ്റ് വച്ചുമാറൽ ചർച്ചകൾ നടക്കുന്നത്. എ ഐ സി സിയുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ഘടകകക്ഷികളുമായുള്ള ധാരണയിൽ വ്യക്തതവരുത്തുക.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥാനാർഥി ചർച്ചകൾക്കായി ഡൽഹിയിലെത്തി. വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യഘട്ട ചർച്ചകൾ. എ ഐ സി സി നേതൃത്വുമായുള്ള ചർച്ചകൾക്ക് ശേഷം ആദ്യ സ്ഥാനാർഥി പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ച് മണ്ഡലങ്ങളിൽ കളം പിടിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.
സി പി ഐ എമ്മും സ്ഥാനാർഥി ചർച്ചകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ടു ടേം പൂർത്തിയാക്കിയ എം എൽ എമാരിൽ ആരൊക്കെ മത്സരിക്കണമെന്നതിൽ പാർട്ടിയിൽ തീരുമാനമുണ്ടായിട്ടില്ല. ചില എം എൽ എമാർക്ക് ഇളവുകൾ നൽകി മത്സരരംഗത്ത് ഉടൻ ഇറക്കാനുള്ള തീരുമാനത്തിലാണ് സി പി ഐ എം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പിലും മുന്നണിയെ നയിക്കുക. പൊതുമണ്ഡലത്തിൽ സ്വീകാര്യതയുള്ള നേതാക്കളെ മത്സരരംഗത്തിറക്കാനാണ് സി പി ഐ എം നീക്കം. നേരത്തെ മാറ്റിനിർത്തിയ നേതാക്കളെ മണ്ഡലങ്ങളിൽ സജീവമാക്കാനുള്ള നിർദേശവും സി പി ഐ എം നൽകിയിട്ടുണ്ട്. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പഠിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഭവന സന്ദർശനം ഗുണം ചെയ്യുമെന്നാണ് പാർട്ടി വിലയിരുത്തുന്നത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്ന പ്രചാരണത്തെ മറികടക്കാനുള്ള പ്രചരണ പരിപാടിയും ഉടൻ ആരംഭിക്കും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി ജെ പി നേടിയതോടെ വലിയ ആത്മവിശ്വാസത്തിലാണ് എൻ ഡി എ ക്യാമ്പ്. കേരളത്തിൽ ഇത്തവണ നിലമെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. നിയമസഭ പിടിക്കാൻ ആരെയൊക്കെ കളത്തിലിറക്കുമെന്നതിൽ ഏകദേശ ധാരണ ഉണ്ടായതായാണ് ബി ജെ പി നേതാക്കൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവനന്തപുരത്തെ റോഡ് ഷോയും പുത്തരിക്കണ്ടത്തെ പൊതുയോഗവും ഫലത്തിൽ ബി ജെ പിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗമായാണ് നേതൃത്വം കണക്കാക്കുന്നത്. നേമത്തും വട്ടിയൂർക്കാവിലും വിജയം ലക്ഷ്യമിട്ടുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. സംസ്ഥാനത്ത് വിജയസാധ്യതകളുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് സംസ്ഥാന- ദേശീയ നേതാക്കൾ പ്രവർത്തനം ഏകീകരിക്കുന്നതിനാണ് നീക്കം.
ഇത്തവണ എല്ലാ പാർട്ടികളും ശബരിമലയിലെ സ്വർണക്കൊള്ള പ്രധാന തിരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള സാധ്യതയാണുള്ളത്. ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരായവരെ എല്ലാവരേയും തുറങ്കിലടക്കുമെന്നാണ് മോദി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയത്.
രാഷ്ട്രീയമായി മേൽകൈ ഇല്ലാത്തിടങ്ങളിൽ പൊതുസ്വീകാര്യതയുള്ള സ്ഥാനാർഥികളെ നിർത്തണമെന്ന നിർദേശമാണ് മൂന്നു മുന്നണിക്കുമുന്നിലും ഉള്ളത്. സിനിമാ താരങ്ങൾ, സാംസ്‌കാരിക നായകർ, ദളിത് ആക്ട്‌വിസ്റ്റുകൾ തുടങ്ങിയ വിവിധമേഖലകളിലുള്ളവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് നേതൃത്വം.



Be the first to comment