സീറ്റ് കിട്ടാത്തവരെ ചേര്‍ത്തു നിര്‍ത്തും: വിഡി സതീശന്‍

കൊച്ചി: കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടികള്‍ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സിപിഎം നരേറ്റീവാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. എല്ലാം ജനം ചിരിച്ചു തള്ളി. യുഡിഎഫിന്റെ 140 സ്ഥാനാര്‍ഥികളും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫിനും എന്‍ഡിഎക്കും പല മണ്ഡലങ്ങളിലും ഇപ്പോഴും സ്ഥാനാര്‍ഥികളില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരെ ചേര്‍ത്ത് നിര്‍ത്തും. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയവരും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരാണ്. പലരും അര്‍ഹരാണ്, സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ പല പരിഗണനകളും വേണ്ടിവരു, അത്തരം സാഹചര്യങ്ങളിലാണ് ചിലരെയെങ്കിലും മാറ്റി നിര്‍ത്തേണ്ടി വന്നത്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ അറിയിച്ചു.

കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുപോയതില്‍ വിഷമുണ്ട്. കുടൂതല്‍ പേര്‍ പരിഗണിക്കപ്പെടേണ്ടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ സാധിച്ചില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പടം വച്ച് പോസ്റ്റര്‍ അടിച്ചതില്‍ തെറ്റില്ല. കോണ്‍ഗ്രസിന് വലിയ ടീമുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്നും വിഡി സതീശന്‍ പറവൂരില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*