കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ

കൊമ്പന്മാരുടെ എഴുന്നള്ളത്ത് കൊച്ചിയില്‍ തന്നെ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേക്കുള്ള പലായനമുണ്ടാകില്ല. കലൂര്‍ സ്റ്റേഡിയം വീണ്ടും മഞ്ഞക്കടലാകും. മത്സരങ്ങള്‍ കൊച്ചിയില്‍ വേണമെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ താല്‍പര്യമറിയിച്ചെന്നും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുകൊടുക്കാന്‍ സമ്മതമെന്നും ജിസിഡിഎ അറിയിച്ചു. സൗജന്യമായി വിട്ടുകൊടുക്കാനാവില്ലെന്നും പക്ഷെ ഷൈലോക്ക് ആവില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. 

സൗജന്യമായിട്ടായിരിക്കില്ല സ്റ്റേഡിയം വിട്ടുകൊടുക്കുക. മത്സരം കൊച്ചിയില്‍ പിടിച്ചുനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമെന്നും അദ്ദേഹം പറഞ്ഞു.ലിയോണല്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തില്‍ നടത്തിയ അറ്റകുറ്റപണികള്‍ ഇതുവരെ പൂര്‍ത്തിയാട്ടില്ല. ഐഎസ്എല്‍ തുടങ്ങും മുന്‍പ് ഇതെല്ലാം തീര്‍ക്കുമെന്നും ജിസിഡിഎ അവകാശപ്പെടുന്നു. ഫെബ്രുവരി 14ന് തുടങ്ങുന്ന ഐഎസ്എല്ലില്‍ 22നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകന്‍ ടി ജി പുരുഷോത്തമന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നുവെന്ന വാര്‍ത്തയും പുറത്ത് വന്നു. കഴിഞ്ഞ സീസണില്‍ ടീമിന്റെ താത്കാലിക പരിശീലകന്റെ ചുമതല വഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്സിക്കെതിരെ ചരിത്ര എവേ വിജയം നേടിയത് പുരുഷോത്തമന് കീഴിലായിരുന്നു. ടിജി പുരുഷോത്തമന്‍ ഒഡീഷ എഫ് സി മുഖ്യ പരിശീലകനാകും. സെര്‍ജിയോ ലോബേറയുടെ പകരക്കാരനായാണ് ഒഡീഷയില്‍ എത്തുന്നത്. 2023 സീസണിലെ ഐഎസ്എല്‍ ചാമ്പ്യന്മാര്‍ ആണ് ഒഡീഷ.

Be the first to comment

Leave a Reply

Your email address will not be published.


*