വിട്ടുവീഴ്ച ചെയ്യുമെന്ന് സൂചിപ്പിച്ച് പി ജെ ജോസഫ്; രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസുമായി വച്ചുമാറും; ഇടുക്കിയിലുള്‍പ്പെടെ സീറ്റുമാറ്റം?

സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സജീവ ചര്‍ച്ചകള്‍. കോണ്‍ഗ്രസും ജോസഫ് വിഭാഗവും സീറ്റുകള്‍ വച്ചുമാറുമെന്നാണ് സൂചന. ഏറ്റുമാനൂരും ഇടുക്കിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോണ്‍ഗ്രസിന് വിട്ടുനല്‍കിയേക്കും. പകരം കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ചോദിക്കുമെന്നാണ് വിവരം. പത്ത് സീറ്റുകളില്‍ മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന ജോസഫ് വിഭാഗത്തില്‍ നിന്ന് സീറ്റുകള്‍ തിരികെ വാങ്ങാന്‍ കോണ്‍ഗ്രസ് സജീവ നീക്കങ്ങള്‍ നടത്തുകയാണ്.

ഇടുക്കി വിട്ടുനല്‍കുമെന്ന് ഇന്ന് മാധ്യമങ്ങള്‍ക്ക് അനുവദിച്ച പ്രതികരണത്തിലും പി ജെ ജോസഫ് സൂചിപ്പിച്ചു. ഇടുക്കി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ പ്രയാസമുണ്ട്. പക്ഷേ ഒരു മുന്നണിയായതിനാല്‍ ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുമ്പ് മത്സരിച്ച എല്ലാ സീറ്റുകളും തങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ചില വിട്ടുവീഴ്ചകള്‍ ഏതായാലും വേണ്ടിവരും. ഇടുക്കി സീറ്റ് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. ജോസഫ് മത്സരരംഗത്തുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം നാളെ അറിയിക്കാമെന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി.

നാളെ വൈകീട്ടോടെ കോട്ടയത്ത് നിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പി ജെ ജോസഫ് അറിയിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും നാളെ വ്യക്തത വരുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് 24 മണിക്കൂര്‍ കഴിയുന്നതിനുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ തീര്‍ക്കാനാകുമെന്നുമാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*