സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കടുത്ത അതൃപ്തി. അടിയന്തര ഹൈ പവര്‍ കമ്മിറ്റി നാളെ ചേരും. മുസ്ലീം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ കൊടുക്കാമെങ്കില്‍ തങ്ങള്‍ക്കും അതിന് അവകാശമുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്. പത്ത് സീറ്റ് തന്നെ ഈ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നേതാക്കള്‍.
നാളെ പാര്‍ട്ടിയുടെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫിസിലാണ് ഹൈ പവര്‍ കമ്മിറ്റി യോഗം ചേരുക. സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം. ഈ പശ്ചാത്തലത്തില്‍ സീറ്റ് ചര്‍ച്ചകള്‍ തന്നെയാകും യോഗത്തില്‍ മുഖ്യ അജണ്ട. ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുത്ത് അവിടെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ വന്‍ വിജയമുണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍ പത്ത് സീറ്റുകള്‍ തന്നെ വേണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലീഗിന് മുന്‍പ് മത്സരിച്ച അതേ സീറ്റുകള്‍ തന്നെ ഇത്തവണയും നല്കുമ്പോള് എന്തുകൊണ്ട് മധ്യകേരളത്തില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ആറ് സീറ്റുകളില്‍ ഒതുക്കുന്നു എന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. എന്നിട്ടും തങ്ങളോട് അവഗണന കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.



Be the first to comment