കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അടിത്തറ വികസിപ്പിക്കണമെന്നാണ് യുഡിഎഫ് തീരുമാനമെന്നും യോജിക്കാന്‍ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
‘യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്.യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകള്‍ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന, ജനാധിപത്യ, മതേതരത്വ ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും.’- പി എം എ സലാം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ യുഡിഎഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈനലാണ്. മുസ്ലീംലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫില്‍ നല്ല രീതിയിലുള്ള ചര്‍ച്ച നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകള്‍ വെച്ചുമാറാന്‍ സാധ്യതയുണ്ട്. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ലീഗ് തയാറല്ലെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എത്താതിരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് പി എം എ സലാമിന്റെ പ്രതികരണം.
മന്ത്രി റോഷി അഗ്സ്റ്റിന്‍, ചീഫ് വിപ്പ് എന്‍ ജയരാജ് തുടങ്ങിയ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുക്കാതിരുന്ന ജോസ് കെ മാണി, ഇന്ന് സത്യഗ്രഹത്തിനും വരാതിരുന്നതോടെയാണ് മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്.



Be the first to comment