‘തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യോഗ്യരായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും’; ആശങ്ക വേണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും ഭയം സൃഷ്‌ടിക്കുന്നതുമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും കമ്മീഷൻ്റെ മുന്നറിയിപ്പ്. പ്രമുഖ മലയാള മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയടക്കം പങ്കുവച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്.

“യോഗ്യരായ എല്ലാ പൗരന്മാരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്” എന്ന തലക്കെട്ടോടെയാണ് കമ്മീഷൻ എക്‌സ് പോസ്റ്റിൽ വ്യക്തത വരുത്തിയത്.

കേരളത്തിലെ അന്തിമ എസ്‌ഐആർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് പൗരന്മാർ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല. 92.40 ശതമാനം വോട്ടർമാരുടെയും മാപ്പിങ് ഇതിനകം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (ERO) അസിസ്റ്റൻ്റ് ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫിസറും (AERO) നിയുക്ത ഹിയറിങ് അതോറിറ്റികളായി പ്രവർത്തിക്കുന്നു. സമർപ്പിച്ച തെളിവുകളിൽ അവർ തൃപ്‌തരാണെങ്കിൽ, നേരിട്ട് ഹാജരാകേണ്ടതിൻ്റെയോ കൂടുതൽ വിശദീകരണത്തിൻ്റെയോ ആവശ്യകത ഒഴിവാക്കാൻ അവർക്ക് വിവേചനാധികാരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

വിദേശ വോട്ടർമാരെയും വിഐപികളെയും സഹായിക്കുന്നതിനാണ് ഇലക്‌ടറൽ റോൾ മാനേജ്മെൻ്റ് സിസ്റ്റം പ്രത്യേകം രൂപകൽപന ചെയ്‌തിരിക്കുന്നത്. വോട്ടർമാർക്ക് നേരിട്ട് ഹിയറിങിൽ പങ്കെടുക്കാൻ കഴിയാത്ത കേസുകൾ തടസമില്ലാതെ പ്രോസസ് ചെയ്യുന്നതിനായി ഇലക്‌ടറൽ റോൾ മാനേജ്മെൻ്റ് സിസ്റ്റം (ERONET) പുതിയ മൊഡ്യൂളുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട് എന്ന് അറിയിച്ചു.

പൊതുജനങ്ങൾക്കിടയിൽ അടിസ്ഥാനരഹിതമായതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് അഭ്യർഥിക്കുന്നു എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഏപ്രിലിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട സംശയങ്ങളിൽ കമ്മീഷൻ വ്യക്തത വരുത്തിയിരിക്കുന്നത്.

കേരളത്തില്‍ ആകെ രണ്ട് കോടി എഴുപത്തെട്ട് ലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ്റമ്പത്തഞ്ച് (27850855) വോട്ടര്‍മാരുള്ളതായാണ് ഔദ്യോഗിക കണക്ക്. തെറ്റായ രീതിയിൽ ആരുടെയെങ്കിലും പേര് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, 2026 ഫെബ്രുവരി 20-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ പേര് ചേർക്കാൻ അവസരമുണ്ടെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം അവസാനിച്ച ശേഷം കഴിഞ്ഞ ഡിസംബർ 23-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. കമ്മീഷന്‍റെ വെബ്സൈറ്റ് പരിശോധിച്ചോ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന പകർപ്പ് നോക്കിയോ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം. ഒഴിവാക്കപ്പെട്ടവർക്ക് ഫെബ്രുവരി 20 വരെ പേര് ചേർക്കാൻ സൗകര്യമുണ്ടാകും. അതിനുശേഷവും പുറത്താകുന്നവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ പേര് ചേർക്കാൻ അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*