‘പ്രചാരണ തന്ത്രമെന്ന് പറഞ്ഞു, ഇപ്പോൾ കേന്ദ്രം മാതൃകയാക്കി’; രാജീവ് ചന്ദ്രശേഖറിനെതിരെ എം ബി രാജേഷ്

തിരുവനന്തപുരം: ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഇക്കോണോമിക് സർവേയിൽ കേരളത്തിൻ്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയെ രാജ്യത്തിന് മാതൃകയായി ഉയർത്തിക്കാട്ടിയ സാഹചര്യത്തിൽ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ താത്പര്യമുണ്ടെന്ന് മന്ത്രി എം ബി രാജേഷ്.

കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച ദിവസം ഈ പദ്ധതിയെ വെറും പ്രചാരണ തന്ത്രമെന്ന് വിശേഷിപ്പിച്ച് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയെന്നും എന്നാൽ ഇപ്പോൾ സ്വന്തം സർക്കാർ തന്നെ പദ്ധതിയെ മാതൃകയായി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന പഴയ വാദത്തിൽ രാജീവ് ചന്ദ്രശേഖർ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ അതോ ഇക്കോണോമിക് സർവേ ഇങ്ങനെയൊരു പ്രശംസ നടത്തിയിട്ടില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാക്കാനാണോ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. സമൂഹത്തെയാകെ പങ്കാളികളാക്കിക്കൊണ്ട് അതിദരിദ്രരെ കണ്ടെത്തുകയും അവർക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന രേഖകൾ, വീട് എന്നിവ ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതിയെന്ന് ഇക്കോണോമിക് സർവേയിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ബജറ്റിന് മുന്നോടിയായി ഇക്കോണോമിക് സർവേയിൽ വന്ന ഈ പരാമർശം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ വക നൽകുന്ന ഈ നേട്ടം കേരളത്തിലെ മാധ്യമങ്ങൾ തമസ്കരിച്ചതായും മന്ത്രി എം ബി രാജേഷ് വിമർശിച്ചു.

രാഷ്ട്രീയ വിരോധം മൂലം കേരളത്തിലെ നല്ല കാര്യങ്ങളെ എതിർക്കുന്നവരും ചില വിദഗ്ധർ എന്ന് അവകാശപ്പെടുന്നവരും ഇത് കണ്ണുതുറന്നു കാണണമെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന നല്ല കാര്യങ്ങളെ എല്ലാം ഇകഴ്ത്താനും അന്ധമായ രാഷ്ട്രീയ വിരോധം മൂലം എതിർക്കാനും ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിൻ്റെ രേഖകളിൽ വന്നിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*