ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ.

ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങാനാണ് ഇപ്പോള്‍ അനുമതിയായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് നടപടി.ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിലാണ് മദ്യ ഷോപ്പുകള്‍ തുറക്കേണ്ടത്. ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം ഉണ്ടാകാന്‍ പാടുള്ളൂ.

കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഔദ്യോഗിക അതിഥികള്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേക അനുമതി വേണം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.

എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളു. ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം. ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്ക്ക് അനുമതി നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*