തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; സ്‌കില്‍ഡ് ജോലിക്കാര്‍ക്ക് 620 രൂപ ദിവസവേതനം

സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍. ദിവസ വേതനം പത്ത് മടങ്ങ് വരെയാണ് വര്‍ധിപ്പിച്ചത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. 2018 ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്.

നേരത്തെ അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയര്‍ത്തിയത്. ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനൂകൂല്യം ലഭിക്കും. പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക.

ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കി അയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി എന്നിങ്ങനെ മറ്റ് പല സംസ്ഥാനങ്ങളിലെ വേതനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ജയില്‍ അന്തേവാസികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന വേതനം വളരെ കുറവ് ആണെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*