കൊവിഡ് കാലത്തെ സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ആശ്വാസം. ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അസാധാരണമായൊരു കൊവിഡ് സാഹചര്യത്തിലാണ് ഇത്തരമൊരു കരാര്‍ വേണ്ടിവന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
സ്പ്രിംഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്ന വാദം കോടതി അംഗീകരിച്ചിട്ടില്ല. അസാധാരണമായ കൊവിഡ് സാഹചര്യത്തില്‍ സ്പ്രിംഗ്ലര്‍ കമ്പനിയെ ഒരു ഉപാധിയായി മാത്രമാണ് സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നതെന്നും ഡാറ്റ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു എന്ന് ചൂണ്ടിക്കാട്ടി പൗരന്മാരില്‍ നിന്നും യാതൊരു വിധ പരാതികളും നാളിതുവരെ ഉയര്‍ന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രോഗപ്രതിരോധ ആവശ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സ്പ്രിംഗ്ലര്‍ വിവരക്കൈമാറ്റത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നെന്നും 700 കോടി രൂപ വരെയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഈ കമ്പനിക്ക് വിറ്റെന്നുമാണ് മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ ആരോപിച്ചിരുന്നത്. ഡാറ്റാ മോഷണക്കേസില്‍ അമേരിക്കയില്‍ നടപടി നേരിടുന്ന സ്പ്രിംഗ്ലര്‍ കമ്പനിയെ ഇടപാടിനായി നിശ്ചയിച്ചതിന് പിന്നില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്നായിരുന്നു ആരോപണം. കൊവിഡ് വ്യാപന കാലത്ത് രോഗബാധിതരുടെ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു സ്പ്രിംഗ്‌ളറും സര്‍ക്കാരും തമ്മില്‍ കരാറുണ്ടാക്കിയിരുന്നത്.



Be the first to comment