ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാനാകാതെ ‘ബൊഗെയ്ന്‍ വില്ല’, 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനായുള്ള ബൊഗെയ്ന്‍ വില്ല സിനിമയുടെ അപേക്ഷ സ്വീകരിക്കണോ എന്നതില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേന്ദ്ര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടലിലെ തകരാറുമൂലം അപേക്ഷ സമര്‍പ്പിക്കാനായില്ല എന്നാണ് സിനിമയുടെ നിര്‍മാതാക്കളായ അമല്‍ നീരദ് പ്രൊഡക്ഷന്‍സ് അറിയിച്ചത്. ഒക്ടോബര്‍ 31 വരെയായിരുന്നു ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള സമയം.

ഇക്കാര്യം ചൂണ്ടിക്കാട്ടി വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിന് ഇമെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മാണ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ പുരസ്‌കാരത്തിന് അപേക്ഷിക്കാനുള്ള ഔദ്യോഗിക പോര്‍ട്ടല്‍ ഒക്ടോബര്‍ 10 മുതല്‍ തുറന്നിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ഹര്‍ജിക്കാര്‍ ഉന്നയിച്ച കാരണങ്ങള്‍ പരിശോധിച്ച് അപേക്ഷയുടെ കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രാലയത്തിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ‘ബൊഗെയ്ന്‍ വില്ല’ നേടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*