സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപാഹ്വാനമല്ല; വിയോജിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഹൈക്കോടതി

തിരുവനന്തപുരം: സര്‍ക്കാരിനെയോ സര്‍ക്കാര്‍ നയങ്ങളെയോ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് കലാപ ആഹ്വാനമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ പറയുന്നവരെ ക്രിമിനല്‍ കേസില്‍പ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കുന്നതില്‍ ജാഗ്രത വേണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കമന്റിട്ട രണ്ടുപേര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കുന്നവരെ ക്രിമിനല്‍ കേസ് ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി. ന്യായമായ വിമര്‍ശനവും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. സര്‍ക്കാരിനോ ഒരു വിഭാഗം ജനതയ്‌ക്കോ അത് ഇഷ്ടമായില്ല എന്നതുകൊണ്ട് ക്രിമിനല്‍ പ്രോസിക്യൂഷന്‍ സാധിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവന സ്വരൂപിക്കുന്നതിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കമന്റിട്ട തിരുവനന്തപുരം സ്വദേശി വി എസ് ഗൗരി ശങ്കരി, കാസര്‍കോട് സ്വദേശി യു പ്രശാന്ത് ബെല്ലുലായ എന്നിവര്‍ക്കെതിരെ കലാപാഹ്വാനത്തിനും ദുരന്ത കൈകാര്യ നിയമലംഘനത്തിനുമാണ് കേസെടുത്തത്. ഈ കേസിലെ അന്തിമ റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് കോടതിയിലെ തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കി.

ചര്‍ച്ചയുടെ ഭാഗമായി ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും ഭരണകക്ഷിക്കെതിരെയും പറയുന്നത് കലാപാഹ്വാനമാണെന്ന് കണക്കാക്കുന്നത് അസംബന്ധമാണ്. കേസ് തുടരുന്നത് നിയമനടപടികളുടെ ദുരുപയോഗവും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാകുമെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപ ആഹ്വാനമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജാഗ്രതയോടെ വേണമെന്ന കമന്റ് കലാപമുണ്ടാക്കാന്‍ പര്യാപ്തവും, സംഭാവന തടയാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നായിരുന്നു പ്രോസിക്യാഷന്റെ വാദം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന തേടുന്നത് നിയമപ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവാകില്ല. ഇതിനെതിരെ കമന്‍ര് ഇടുന്നത് നിയമലംഘനമാകില്ലെന്നും കോടതി വ്യക്തമാക്കി. ദുരന്ത കൈകാര്യ നിയമപ്രകാരമുള്ള ജോലി തടസ്സപ്പെടുത്തുകയോ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമേ, ദുരന്ത കൈകാര്യ ലംഘന നിയമം ബാധകമാകൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

Be the first to comment

Leave a Reply

Your email address will not be published.


*