സ്‌കൂളില്‍ ഒരുമാസമായി വെള്ളക്കെട്ട്, ചീഫ് ജസ്റ്റിസിന് കത്തയച്ച് കുട്ടനാട്ടിലെ കുട്ടികള്‍; ഇടപെട്ട് ഹൈക്കോടതി, പരിഹരിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

ആലപ്പുഴ: കുട്ടനാട്ടിലെ സ്‌കൂളിലെ വെള്ളക്കെട്ടില്‍ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കൈനകരി ഗ്രാമപഞ്ചായത്തിലെ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂളും പരിസരവും ഒരുമാസത്തിലേറെയായി വെള്ളക്കെട്ടില്‍ ആണെന്നും കോടതി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി 200 വിദ്യാര്‍ഥികളും അധ്യാപകരുമാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

ശക്തമായ മഴയില്‍ മെയ് 29 ന് മടവീഴ്ചയുണ്ടായാണ് സ്‌കൂള്‍ പരിസരത്ത് വെള്ളക്കെട്ടുണ്ടായത്. 20 ക്ലാസ് മുറികള്‍ വെള്ളം കയറിയ നിലയിലാണ്. കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ക്ലാസും പ്രവര്‍ത്തിക്കുന്നത് ശേഷിക്കുന്ന നാല് റൂമുകളിലെന്നും കത്തില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജ. ബസന്ത് ബാലാജി എന്നിരുള്‍പ്പെട്ട ബെഞ്ച് വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്ന് ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പ്, കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പാടശേഖര സമിതി ഉള്‍പ്പെടെയുള്ളവരുമായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ക്കണം. വസ്തുതാന്വേഷണം നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ജില്ലാ കലക്ടറോട് കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമികസ് ക്യൂറിയെ നിയോഗിക്കാനും ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു.

വിഷയം ജൂലൈ 31 ന് വീണ്ടും പരിഗണിക്കുമെന്നും അന്ന് എന്ത് നടപടി സ്വീകരിച്ചെന്നതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രദേശത്തെ മറ്റ് സ്‌കൂളുകളില്‍ സമാനമായ പ്രശ്‌നം നിലവിലുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്നും നിര്‍ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*