
കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ പറഞ്ഞു.
‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കും. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു കാരണവശാലും എല്‍ഡിഎഫിന്റെ ഒരു നയങ്ങളെയും അംഗീകരിക്കാനാകില്ല. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോകും. കേരളത്തില്‍ ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാനാണ് പ്രവര്‍ത്തിക്കുന്നത്’ – മുരളീധരന്‍ പറഞ്ഞു.
‘കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവര്‍ അവരുടെ അനുഭവങ്ങള്‍ നോക്കിയിട്ടാണ് വോട്ട് ചെയ്യുന്നത്. സര്‍ക്കാരിനെതിരായ ജനവിധിയാകും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുക. തരൂരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള ചുമതല തന്നെപ്പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ക്കില്ല. പാര്‍ട്ടിയുടെ ഏത് അഭിപ്രായം ശിരസ്സാവഹിക്കാനും പാര്‍ട്ടി പറയുന്ന സ്ഥലത്തൊക്കെ പോയി മത്സരിക്കാനുള്ള ചെറിയ കഴിവേ എനിക്കുള്ളു. അതുകൊണ്ട് അദ്ദേഹത്തെ പറ്റി ഒന്നു പറയാനില്ല’ – മുരളീധരന്‍ പറഞ്ഞു.
വെള്ളിയാഴ്ച ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തരൂര്‍ ഉയര്‍ത്തിക്കാട്ടുന്നത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നാണ് ലേഖനത്തില്‍ വിലയിരുത്തുന്നത്. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ടില്‍ ആഗോള ശരാശരിയുടെ അഞ്ചു മടങ്ങ് മൂല്യം കേരളം രേഖപ്പെടുത്തിയതും ഈസ് ഓഫ് ഡൂയിങ് ബിസിനസ് സര്‍വേയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതും വലിയ നേട്ടമാണ്.
2021 ജൂലായ് ഒന്നിനും 2023 ഡിസംബര്‍ 31-നുമിടയ്ക്ക് കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് രംഗം 254 ശതമാനം വാര്‍ഷികവളര്‍ച്ച കൈവരിച്ചത് അസാധാരണമായ നേട്ടമാണ്. ‘രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ സിങ്കപ്പൂരിലും അമേരിക്കയിലും ഒരു ബിസിനസ് ആരംഭിക്കാന്‍ മൂന്നുദിവസം മതിയാവുമ്പോള്‍ ഇന്ത്യയില്‍ 114 ദിവസവും കേരളത്തില്‍ 236 ദിവസവുമായിരുന്നു. രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചത് കേരളത്തില്‍ രണ്ടുമിനിറ്റുകൊണ്ട് ബിസിസ് സംരംഭം തുടങ്ങാന്‍ സാധിക്കുമെന്നാണ്. ഇതു സത്യമാണെങ്കില്‍ ആശ്ചര്യകരമായ മാറ്റമാണ്’-തരൂര്‍ വിവരിക്കുന്നു.
കേരളത്തില്‍ അനുമതികള്‍ അവിശ്വസനീയ വേഗത്തിലാണ് നല്‍കുന്നതെന്നത് യാഥാര്‍ഥ്യമാണെന്നും തരൂര്‍ ലേഖനത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയ്ക്കകത്തും പുറത്തും ഭരണത്തെ നഖശിഖാന്തം എതിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് എംപിയുടെ പുകഴ്ത്തല്‍ എന്നതും ശ്രദ്ധേയമാണ്.
Be the first to comment