ശബരിമല തിരിച്ചടിയല്ല, സമുദായങ്ങള്‍ എല്‍ഡിഎഫിനെ കൈവിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

തദ്ദേശ തെരഞ്ഞടുപ്പില്‍ ഉണ്ടായ തിരിച്ചടിയിലും ഇടത് മുന്നണിയുടെ അടിത്തറ ഭദ്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ സാധിക്കുന്ന രാഷ്ട്രീയ അടിത്തറ വ്യക്തമാണ്. മധ്യ കേരളം, മലപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പരാജയത്തെ കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു വിഭാഗം ഇടത് പക്ഷത്തോട് അകന്നു എന്ന് പറയാന്‍ സാധിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മലപ്പുറം ജില്ലയില്‍ പത്ത് ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. അത് ചെറിയ വോട്ടല്ല. ഇടത് മുന്നണിയുടെ എല്ലാ സമുദായങ്ങള്‍ക്കിടയിലും താതമ്യേന നല്ല രീതിയില്‍ വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഉദാഹരണമാണ് ഫലമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരിച്ചടികള്‍ ശരിയായ രീതിയില്‍ പരിശോധിക്കും. മലപ്പട്ടം, ആന്തൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പാര്‍ട്ടിക്ക് എതിരില്ല. മറ്റിടങ്ങങ്ങളില്‍ വന്ന കുറവുകള്‍ കുറവുകളായി കണ്ട് പരിശോധിക്കും.

തിരുവനന്തപുരത്ത് 175000 വോട്ട് ലഭിച്ചു. ബിജെപിക്ക് 165000 വോട്ടുകളും യുഡിഎഫിന് 125000 വോട്ടും ആണുള്ളത്. വോട്ടിന്റെ കണക്കില്‍ കോര്‍പറേഷനില്‍ മുന്‍കൈ എല്‍ഡിഎഫിനാണുള്ളത്. 41 ഡിവിഷനില്‍ യുഡിഎഫിന് ആയിരത്തില്‍ താഴെ വോട്ടുകളാണുള്ളത്. പരസ്പര ധാരണയോടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നീക്കം നടന്നു. ബിജെപിയുടെ വളര്‍ച്ച ഇതിന്റെ ഉദാഹരണമാണ്. ആറ് സീറ്റുകള്‍ കുറഞ്ഞ വോട്ടുകള്‍ക്ക് നഷ്ടപ്പെട്ടു. ഇത് പരിശോധിക്കും. കൊല്ലം കോര്‍പ്പറേഷനിലെ പരാജയം പരിശോധിക്കും. ജില്ലാ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് പ്രകടനം വിശദമായി പരിശോധിക്കും. ആവശ്യമായ തിരുത്തല്‍ വരുത്തണം എന്നാണ് തീരുമാനം. സംസ്ഥാന സർക്കാർ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും ഉണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്തും.

വര്‍ഗീയ ശക്തികള്‍ കമ്യൂണിസ്റ്റ് വിരുദ്ധ ആശയം രൂപപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു. അവര്‍ യുഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ വിജയം ചൂണ്ടിക്കാട്ടി കേരളത്തില്‍ ബിജെപി സ്വാധീനം നേടിയെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സൂക്ഷ്മ പരിശോധനയില്‍ ഫലം മറിച്ചാണ്. നിലവിലുണ്ടായിരുന്ന പഞ്ചായത്തുകളും മുന്‍സിപാലിറ്റികളും നഷ്ടപ്പെട്ടു. പാലക്കാട് കേവല ഭൂരിപക്ഷമില്ല. ശബരിമല വിഷയം ഉള്‍പ്പെടെ തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചില്ല. ക്ഷേത്ര നഗരങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളും തിരിച്ചടിച്ചു. കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും മികച്ച വിജയം നേടാന്‍ ഇടത് പക്ഷത്തിന് കഴിഞ്ഞെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കുതിരക്കച്ചവടത്തിന് ഇടതുപക്ഷം മുതിരില്ല. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഭരണം പങ്കിടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*