244 കേന്ദ്രങ്ങള്‍, രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍; ആദ്യ ഫലം 8.30 ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ നാളെ രാവിലെ 8.30 ഓടെ ലഭ്യമാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഇതു കൂടാതെ14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റുകളിലും എണ്ണും. ലീഡ് നിലയും ഫലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ TREND ല്‍ തത്സമയം അറിയാന്‍ കഴിയും. പൂര്‍ണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൗണ്ടിങ് ടേബിളിള്‍ വയ്ക്കുന്ന കണ്‍ട്രോള്‍ യൂണിറ്റില്‍ സീലുകള്‍,സ്പെഷ്യല്‍ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാര്‍ഥികളുടെയോ കൗണ്ടിങ്,ഇലക്ഷന്‍ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. വരണാധികാരിയുടെ ടേബിളില്‍ ആദ്യം പോസ്റ്റല്‍ ബാലറ്റുകളും തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാര്‍ത്ഥിയുടെയോ സ്ഥാനാര്‍ത്ഥികള്‍ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.

തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദപ്രകടനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മിതത്വം പാലിക്കണം. ഡിസംബര്‍18വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. പടക്കം,വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഹരിതച്ചട്ടവും,ശബ്ദനിയന്ത്രണ,പരിസ്ഥിതി നിയമങ്ങളും ആഹ്ളാദപ്രകടനങ്ങളില്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*