കാസർകോട്: തുലാവർഷ മഴയ്‌ക്കൊപ്പം അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദം തീവ്ര ന്യൂന മർദമായതോടെ കേരളത്തിലും ലക്ഷദ്വീപിലും രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യ ബന്ധനത്തിനും വിലക്കുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും ഓറഞ്ച് അലെർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മധ്യ തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. നാളെ വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. നിലവിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം,പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ മഞ്ഞ അലെർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.നാളെ (19.10.2025) കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഞ്ഞ അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 22 വരെ കേരളത്തിൽ പരക്കെ മഴ പ്രതീക്ഷിക്കുന്നുണ്ട്.
അതേ സമയം 16 മുതൽ കേരളത്തിൽ തുലാവർഷം ആരംഭിച്ചു. ഇതിൻ്റെ ഫലമായി വൈകുന്നേരങ്ങളിൽ ഇടി മിന്നലോടു കൂടി മഴ തുടരുകയാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാവർഷമായി കണക്കാക്കുന്നത്. ഇത്തവണത്തെ തുലാവർഷത്തിൽ 12 ശതമാനം അധികം മഴ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാ പ്രദേശിൻ്റെയും കർണാടകയുടെയും തീരദേശം എന്നിവിടങ്ങളിലും തുലാവർഷപ്പെയ്ത്തുണ്ടായി. ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

മണിക്കൂറോളോളം നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്.
അതേ സമയം ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കും. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കും. മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കണ്‍ട്രോൾ റൂമുകൾ ആരംഭിക്കും. ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിനോദ സഞ്ചാര വകുപ്പിനും, ഡിടിപിസിക്കും നിർദേശം നൽകി
തുലാവർഷം ശക്തമായതോടെ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ആർ വൺ ടു ആർ ത്രീ എന്നീ ഷട്ടറുകൾ 75 സെൻ്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിൻ്റെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 22വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിലും അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.



Be the first to comment