സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ; സജി ചെറിയാനെ തളളി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ചുള്ള മന്ത്രി സജി ചെറിയാന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടിക്കണക്കിന് ആളുകളുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അവയില്‍ പലതും ലോകത്തോര നിലവാരം പുലര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ ആശുപത്രികളെല്ലാം മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ആരോഗ്യരംഗം താറുമാറായി എന്ന നിലയിലാണ്. വലതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയും വലുതപക്ഷ ആശയം രൂപപ്പെടുത്താന്‍ വേണ്ടിയും നടത്തുന്ന ഈ പ്രവര്‍ത്തനത്തിന് വലിയ സ്വീകാര്യത കിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണമാരെ ഉപയോഗപ്പെടുത്തിയും സര്‍വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കാനും കാവി വല്‍ക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. എംവി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളില്‍ 16 കോളേജുകളും കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച 20 സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തിലാണ്. നീതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ തകര്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍വകലാശാലകള്‍ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാന്‍ വിസിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.

കേന്ദ്രം നിശ്ചയിക്കുന്ന വിസിമാര്‍ സംഘപരിവാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു എന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലെ, സാധാരണ നിലയില്‍ ആരും കാണാത്ത പുതിയ പ്രവണതയാണ്. അതിന്റെ തന്നെ ഭാഗമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഉള്‍പ്പെടെ സംഭവിച്ചിരിക്കുന്നത്. കാവിവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി വിസിമാര്‍ ഭരണഘടനാപരമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ച്, സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങള്‍ ഇല്ലായ്മ ചെയ്ത് സര്‍വാധിപത്യത്തിന്റെ രീതി കൈകാര്യം ചെയ്യുകയാണ്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്തന്നതിനുള്ള ഇടപെടലും പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ്.കേരളം കൈവരിച്ച പൊതുവിദ്യാഭ്യാസഉന്നതവിദ്യാഭ്യാസ മേഖലകളിലെ അതിശക്തമായ നേട്ടങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമാണിത്. വാര്‍ത്താസമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*