ഇനി വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ്, താമസസ്ഥലമെങ്കിൽ 50 ശതമാനം സ്ഥലം ഉപയോഗിക്കാം; ചട്ടഭേദഗതി നിലവില്‍ വന്നു

കൊച്ചി: വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025-ലെ കേരള പഞ്ചായത്ത്രാജ് (സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കല്‍) എന്ന പേരിലാണ് വിജ്ഞാപനം. നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

കേരളത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുന്നതും സംരംഭക മേഖലയിലും സമ്പദ്വ്യവസ്ഥയിലും തൊഴില്‍രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്നതുമാണ് പുതിയചട്ടം. സംരംഭങ്ങള്‍ക്ക് അനായാസം, അതിവേഗം ലൈസന്‍സ് ലഭ്യമാക്കാന്‍ ഇത് സഹായിക്കും. മുനിസിപ്പല്‍ ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി കൊണ്ടുവരും. കെട്ടിടനിര്‍മാണ, സിവില്‍ രജിസ്ട്രേഷന്‍ ചട്ടങ്ങളിലെ പരിഷ്‌കരണം സംബന്ധിച്ച് ഉടന്‍ ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

അപാര്‍ട്ട്‌മെന്റ്, റെസിഡന്‍ഷ്യല്‍ ഫ്‌ലാറ്റ്, ലോഡ്ജ്, ടൂറിസ്റ്റ് ഹോം, റിസോര്‍ട്ട്, ഹോസ്റ്റല്‍ തുടങ്ങിയവക്ക് ഇളവ് ബാധകമല്ല. റെസ്റ്റോറന്റ്, ഭക്ഷണശാല, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്ക്ക് ലൈസന്‍സ് ഉണ്ടെങ്കില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കരുത്.

സംരംഭങ്ങളെ രണ്ടായി തിരിക്കും. ഒന്നാം കാറ്റഗറിയില്‍ ഉല്‍പ്പാദന യൂണിറ്റാണ്. ഇതില്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ യൂണിറ്റുകള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട, രജിസ്റ്റര്‍ ചെയ്താല്‍ മതി. റെഡ്, ഓറഞ്ച് വിഭാഗത്തിലുള്ള യൂണിറ്റിന് പഞ്ചായത്തിന്റെ അനുവാദവും സെക്രട്ടറിയുടെ ലൈസന്‍സുംവേണം. രണ്ടാം കാറ്റഗറിയില്‍ വ്യാപാരം, വാണിജ്യം, സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യൂണിറ്റുകള്‍. ഇവയ്ക്ക് സെക്രട്ടറിയുടെ ലൈസന്‍സ് മതി.

പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറങ്ങിയതോടെ 10 ലക്ഷത്തില്‍ കുറയാത്ത മൂലധനനിക്ഷേപവും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങളും ഉപയോഗിച്ചുള്ളതും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വൈറ്റ്, ഗ്രീന്‍ വിഭാഗത്തില്‍പ്പെടുന്നതുമായ (കാറ്റഗറി ഒന്ന്) വീടുകളിലേതുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും. കാറ്റഗറി രണ്ടില്‍ സംരംഭങ്ങള്‍ക്കും കാറ്റഗറി ഒന്നില്‍ മൂലധനിക്ഷേപം 10 ലക്ഷത്തില്‍ കുറഞ്ഞതും അഞ്ച് എച്ച്പിയില്‍ കുറവുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതുമായ വൈറ്റ്, ഗ്രീന്‍ വ്യവസായങ്ങള്‍ക്കും ഒഴിഞ്ഞ് കിടക്കുന്ന, ആള്‍ത്താമസമില്ലാത്ത വീടുകളിലും കെട്ടിടങ്ങളിലുമുള്ള മുഴുവന്‍ സ്ഥലവും ഉപയോഗിക്കാം. താമസസ്ഥലമെങ്കില്‍ 50 ശതമാനം സ്ഥലം ഉപയോഗിക്കാം.

നിലവില്‍ വീടുകളിലെ കുടില്‍ വ്യവസായങ്ങള്‍ക്കും വാണിജ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സില്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ഇൗ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. സംരംഭങ്ങള്‍ക്ക് കെട്ടിടം ലഭ്യമല്ലാത്ത പ്രശ്നത്തിനും പരിഹാരമാകും. വ്യവസായ പ്രദേശങ്ങളായി വ്യവസായ വകുപ്പ് അംഗീകരിച്ച സ്ഥലങ്ങളിലെ സംരംഭങ്ങള്‍ക്കും എല്ലായിടങ്ങളിലുമുള്ള വൈറ്റ്, ഗ്രീന്‍ കാറ്റഗറിയിലുള്ള വിഭാഗം ഒന്നിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും രജിസ്ട്രേഷന്‍ മതി, ലൈസന്‍സ് വേണ്ട.

ലൈസന്‍സ്, അനുമതി അപേക്ഷകളില്‍ കൃത്യസമയത്ത് നടപടിയില്ലെങ്കില്‍ ഡീംഡ് ലൈസന്‍സ് ലഭിക്കും. കാറ്റഗറി രണ്ടിലെ സംരംഭത്തിനുള്ള ലൈസന്‍സിനോ പഞ്ചായത്തിന്റെ അനുമതി ലഭിച്ച കാറ്റഗറി ഒന്നിനുള്ള സംരംഭത്തിനുള്ള ലൈസന്‍സിനോ അപേക്ഷ ലഭിച്ചാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. കാറ്റഗറി ഒന്നിലെ സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ അനുമതിക്കുള്ള അപേക്ഷ ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണം. സമയപരിധിക്കുള്ളില്‍ ലഭിച്ചില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കാം.

നിയമവിധേയമായ ഏതുസംരംഭത്തിനും പഞ്ചായത്തില്‍നിന്ന് ലൈസന്‍സ് ലഭിക്കുന്ന തരത്തിലാണ് പരിഷ്‌കാരം. മൊബൈല്‍ സര്‍വീസ്, മൊബൈല്‍ റസ്റ്റോറന്റ്, ഹൗസ് ബോട്ടുകള്‍ എന്നിവയ്ക്കും ലൈസന്‍സ് ലഭിക്കും.

ഇരുചക്ര, മുച്ചക്രവാഹനങ്ങളിലെ സംരംഭങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട. ലൈസന്‍സ് ലഭിക്കുന്നതോടെ സബ്സിഡിക്കും വായ്പയ്ക്കും ഗ്രാന്റിനും വഴിതുറക്കും. ലൈസന്‍സിനുള്ള അപേക്ഷയ്ക്കൊപ്പം കൈവശാവകാശരേഖ മാത്രം മതി.

Be the first to comment

Leave a Reply

Your email address will not be published.


*