വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. പ്രശ്‌നം പരിഹരിക്കാന്‍ ‘ഓഫ്ലൈന്‍’ (Offline) സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിച്ചു.
ഫോം 6, ഫോം 6എ എന്നിവയില്‍ പേര്‍ ചേര്‍ക്കാന്‍ ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താന്‍ ഓപ്ഷനുകള്‍ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. ഇതാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത്. ഇതോടെ, വോട്ടര്‍ പട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ERONET, BLO App എന്നിവയില്‍ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമായി.
ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലുള്ള ബന്ധുക്കള്‍ക്കളുടെ സഹായത്തോടെ ഓഫ് ലൈനായി ബിഎല്‍ ഒ വഴിയോ ഇആര്‍ഒ വഴിയോ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനായി അപേക്ഷിക്കാം. ബിഎല്‍ഒ ആപ്പ് വഴി അപേക്ഷകള്‍ സ്വീകരിക്കാനും രേഖകള്‍ പരിശോധിക്കാനും ബിഎല്‍ഒ-മാര്‍ക്ക് സാധിക്കും.
അപേക്ഷാഫോറത്തില്‍ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. ഇതുവരെ ഫോം 6എ വഴി 1,37,162 പ്രവാസികള്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.



Be the first to comment