“ഗുണ്ടകളെ വച്ച് ബസ് ഓടിക്കേണ്ട”: ജീവനക്കാർക്ക് പിസിസി നിർബന്ധമാക്കി ഗണേഷ് കുമാർ; ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ വർഷത്തിലൊരിക്കൽ നിർബന്ധമായും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഗതാഗത വകുപ്പ് കർശന നടപടിയിലേക്ക് കടക്കുന്നത്.

ഉത്തരവ് പാലിക്കാത്ത ബസുകളെ നിരത്തിൽ ഓടാൻ അനുവദിക്കില്ലെന്നും അത്തരം വാഹനങ്ങൾ ഉടനടി പിടിച്ചെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സ്വകാര്യ ബസുകളിൽ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണ്. ഗുണ്ടകളെ വച്ചുകൊണ്ട് ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല. ബസുകളിൽ കാമറകൾ സ്ഥാപിക്കുന്നത് നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്. കെഎസ്ആർടിസി മികച്ച വിജയത്തിലേക്ക് നീങ്ങുന്നത് ഇത്തരം നിയമങ്ങൾ കൃത്യമായി പാലിച്ചതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്രിമിനൽ കേസുകൾ ഉള്ളവർക്ക് യാതൊരു കാരണവശാലും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. അതേസമയം സിവിൽ കേസുകൾ ഉള്ളവർക്ക് ഇത് ബാധകമല്ല. മദ്യപിച്ച് വാഹനം ഓടിച്ച കേസുകൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസമാവില്ല.

ബസ് ഉടമകൾക്ക് ആവശ്യം തൊഴിലാളികളെയാണ്, അല്ലാതെ യുദ്ധം ചെയ്യുന്ന ഗുണ്ടകളെയല്ല. ഗുണ്ടായിസം പ്രധാന ബിസിനസായി കൊണ്ടുനടക്കുന്നവർ ഈ മേഖലയിലുണ്ട്. എറണാകുളം നഗരത്തിലടക്കം ഇത്തരം പ്രവണതകൾ കാണുന്നുണ്ടെന്നും ഇത് അനുവദിച്ചുതരാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം സ്വകാര്യ ബസ് മേഖലയെ മറയാക്കി നടക്കുന്നുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനം കൂടിയാണ് മന്ത്രിയുടെ പരാമർശത്തിന് പിന്നിൽ.

അരാജകത്വത്തിന് പൂട്ടിടാൻ

സ്വകാര്യ ബസ് മേഖലയിലെ അരാജകത്വം അവസാനിപ്പിക്കുന്നതിനുള്ള ഗതാഗത വകുപ്പിൻ്റെ നിർണായക നീക്കമായാണ് ഈ തീരുമാനത്തെ പൊതുസമൂഹം വിലയിരുത്തുന്നത്. കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരോടും മറ്റ് വാഹനങ്ങളോടും കാട്ടുന്ന അക്രമാസക്തമായ പെരുമാറ്റം പലപ്പോഴും വലിയ ക്രമസമാധാന പ്രശ്നമായി മാറാറുണ്ട്. സമയക്രമത്തിൻ്റെ പേരിലുള്ള മത്സരയോട്ടവും തുടർന്നുണ്ടാകുന്ന തർക്കങ്ങളും നടുറോഡിലെ കൈയാങ്കളിയിലേക്ക് വരെ എത്തുന്ന സാഹചര്യങ്ങൾ നിരവധിയാണ്. പലപ്പോഴും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇത്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ ഇത്തരം സ്വഭാവമുള്ളവരെ ബസ് വ്യവസായത്തിൽനിന്ന് പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ബസ് ജീവനക്കാർക്ക് യൂണിഫോം, നെയിം പ്ലേറ്റ് എന്നിവ നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ പിസിസി കൂടി നിർബന്ധമാക്കുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളായവർ പൊതുഗതാഗത സംവിധാനത്തിൻ്റെ ഭാഗമാകുന്നത് സ്ത്രീ യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. സ്കൂൾ വിദ്യാർഥികൾക്കും സ്ത്രീകൾക്കും നേരെ ബസ് ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നതായി നിരന്തരം പരാതികൾ ഉയരാറുണ്ട്. പലപ്പോഴും ബസ് ഉടമകൾക്ക് തങ്ങളുടെ ജീവനക്കാരുടെ മുൻകാല ചരിത്രത്തെക്കുറിച്ച് അറിവുണ്ടാകാറില്ല. എന്നാൽ ഇനി മുതൽ ജോലിക്കെടുക്കുമ്പോൾ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാകുന്നതോടെ ഉടമകൾക്കും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും.

ആശങ്കകളും നടപടികളും

അതേസമയം, ഈ ഉത്തരവ് നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന് ബസ് ഉടമകളുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിലവിൽ തന്നെ ബസ് ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്. അതിഥി തൊഴിലാളികളടക്കം നിരവധി പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം സർവീസുകളെ ബാധിക്കുമോ എന്ന ആശങ്കയും ഉടമകൾക്കുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് മന്ത്രിയുടെ നിലപാട്. പൊലീസ് സ്റ്റേഷനുകളിൽ നേരിട്ടോ ഓൺലൈൻ സംവിധാനം വഴിയോ പിസിസിക്ക് അപേക്ഷിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടാത്തവർക്ക് അതിവേഗം സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം പൊലീസ് ഒരുക്കുമെന്നാണ് സൂചന.

ഗതാഗത വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകളിൽ പരിശോധന നടത്തുമ്പോൾ ജീവനക്കാരുടെ ലൈസൻസിനും ബാഡ്ജിനും ഒപ്പം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പരിശോധിക്കും. ഇത് കൈവശമില്ലാത്ത ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കില്ല. നിയമം ലംഘിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഗതാഗത വകുപ്പിൻ്റെ തീരുമാനം. പൊതുഗതാഗതം സുരക്ഷിതവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പ്പായിരിക്കും ഈ പരിഷ്കാരം.

പോലീസ് ക്ലിയറൻസിന് അപേക്ഷിക്കേണ്ട വിധം

കേരളത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് (പിസിസി) അപേക്ഷിക്കുന്നത് ഇപ്പോൾ പൂർണമായും ഓൺലൈനായി ചെയ്യാവുന്നതാണ്. ഇതിനായി കേരള പൊലീസിൻ്റെ ഔദ്യോഗിക പോർട്ടലായ തുണ (Thuna) അല്ലെങ്കിൽ പോൾ-ആപ്പ് (Pol-App) മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.

അപേക്ഷിക്കുന്നതിന് മുൻപായി തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ), പാസ്‌പോർട്ട് സൈസ് ഫോട്ടോ (ഡിജിറ്റൽ ഫോർമാറ്റിൽ), ഒടിപി ലഭിക്കുന്നതിനായി മൊബൈൽ നമ്പർ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവ കൈയിൽ കരുതുക. ഓൺലൈനായി ഫീസ് അടയ്ക്കാനുള്ള സംവിധാനവും (യുപിഐ, കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ്) ഉണ്ടായിരിക്കണം. കേരള പൊലീസിൻ്റെ തുണ വെബ് പോർട്ടൽ (thuna.keralapolice.gov.in) വഴിയാണ് അപേക്ഷിക്കേണ്ടത്. പോർട്ടലിൽ പ്രവേശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക. ആദ്യമായാണ് പോർട്ടൽ ഉപയോഗിക്കുന്നതെങ്കിൽ സൈൻ അപ്പ് ക്ലിക്ക് ചെയ്ത് പേര്, മൊബൈൽ നമ്പർ, ജനനത്തീയതി എന്നിവ നൽകി അക്കൗണ്ട് തുടങ്ങുക. നേരത്തെ അക്കൗണ്ട് ഉണ്ടെങ്കിൽ സൈൻ ഇൻ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം കാണുന്ന ഡാഷ്ബോർഡിൽനിന്ന് സർവീസസ് എന്നതിൽ ക്ലിക്ക് ചെയ്ത് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നത് തെരഞ്ഞെടുക്കുക. അപേക്ഷകൻ്റെ വിവരങ്ങൾ (പേര്, വിലാസം, പോലീസ് സ്റ്റേഷൻ പരിധി) കൃത്യമായി നൽകുക. പർപ്പസ് എന്ന കോളത്തിൽ തൊഴിലുടമ ആവശ്യപ്പെട്ടത് പ്രകാരം എംപ്ലോയ്മെൻ്റ് ഇൻ പ്രൈവറ്റ് ബസ് എന്നോ അല്ലെങ്കിൽ ജോബ് റിക്വയർമെൻ്റ് എന്നോ നൽകാം. ഫോട്ടോയും തിരിച്ചറിയൽ രേഖയും നിർദേശിച്ചിരിക്കുന്ന വലുപ്പത്തിൽ അപ്‌ലോഡ് ചെയ്യുക.

സാധാരണയായി 500 രൂപയോ അതിനടുത്തോ ആയിരിക്കും ഫീസ്. ഇത് ഓൺലൈനായി (ഇ-ട്രഷറി വഴി) അടയ്ക്കാം. വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷ സമർപ്പിക്കുക. ലഭിക്കുന്ന അപേക്ഷാ നമ്പർ സൂക്ഷിച്ചുവയ്ക്കുക. അപേക്ഷ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. വിവരങ്ങൾ പരിശോധിക്കുന്നതിനായി അപേക്ഷകനെ സ്റ്റേഷനിലേക്ക് വിളിച്ചേക്കാം അല്ലെങ്കിൽ നേരിട്ട് അന്വേഷണം നടത്തിയേക്കാം. പരിശോധന പൂർത്തിയായാൽ മൊബൈലിൽ സന്ദേശം ലഭിക്കും. തുടർന്ന് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഡിജിറ്റൽ ഒപ്പുള്ള സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് കേരള പൊലീസിൻ്റെ പോൾ-ആപ്പ് വഴിയും അപേക്ഷിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*