നിയമന ഉത്തരവ് വ്യാജം, ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ പുറത്തായത് വന്‍ തട്ടിപ്പ്, അന്വേഷണം

തിരുവനന്തപുരം: പിഎസ്സിയുടെയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്രയുടെയും വ്യാജ അഡൈ്വസ് മെമ്മോ ഉള്‍പ്പെടെ തയ്യാറാക്കി വമ്പന്‍ നിയമന തട്ടിപ്പെന്ന് പരാതി. ഡോക്ടര്‍മാരും നഴ്സുമാരുംമുതല്‍ അധ്യാപകരും വരെ തട്ടിപ്പിനിരായായിട്ടുണ്ട്. തട്ടിപ്പുകാര്‍ തിരുവനന്തപുരം പിഎസ്സി ഓഫീസ് പരിസരത്തുനിന്ന് വരെ പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

തട്ടിപ്പില്‍പ്പെട്ട് വ്യാജ നിയമന ഉത്തരവുമായി ഇവരില്‍ ചിലര്‍ ശ്രീചിത്രയില്‍ സെപ്റ്റംബര്‍ 12-ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാകുന്നത്.ശ്രീചിത്രയില്‍ ‘പിഎസ്സി’യുടെ നിയമന ഉത്തരവുമായി അതേദിവസം അന്‍പതോളം പേരെത്തിയിരുന്നു. പരീക്ഷയുണ്ടാകുമെന്നും എന്നാല്‍, നേരിട്ട് വരേണ്ടന്നും രൂപസാമ്യമുള്ള ആളെക്കൊണ്ട് എഴുതിക്കുമെന്നുമാണ് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചിരുന്നത്. ഓഗസ്റ്റില്‍ വാട്സാപ്പിലൂടെ റാങ്ക്ലിസ്റ്റ് അയച്ചുകൊടുത്തു. പിന്നാലെ പിഎസ്സിയുടെ വ്യാജ നിയമനശുപാര്‍ശയും എത്തി.

മകനും മരുമകനും ജോലിനല്‍കാമെന്ന പേരില്‍ 15 ലക്ഷം രൂപ കബളിപ്പിച്ചെന്ന് കാണിച്ച് ഇടുക്കി ഏലപ്പാറ സ്വദേശികള്‍ പൊലീസിന് പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പുവിവരം പുറത്തറിഞ്ഞത്. വാഗമണ്‍ പുള്ളിക്കാനം സ്വദേശിയായ ഒരാള്‍ മകളുടെ അധ്യാപകജോലിക്കായി വീടു വിറ്റാണ് ഈ സംഘത്തിന് പണം നല്‍കിയത്. ആയുര്‍വേദ ഡോക്ടറായ മകന്റെ സര്‍ട്ടിഫിക്കറ്റുകളും പകുതി പണവും നല്‍കി. പിന്നീട് ശ്രീചിത്രയില്‍ മരുമകള്‍ക്ക് ജോലി കിട്ടാന്‍ വേണ്ടിയും പണം നല്‍കിയെന്നും ഇയാള്‍ പറയുന്നു.

പിഎസ്സി വഴി ജോലിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ സംഭവത്തില്‍ ബോണാമി സ്വദേശികളായ കുടുംബം വാഗമണ്‍ പൊലീസില്‍ ഒക്ടോബര്‍ 24-ന് പരാതി നല്‍കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*