
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമഴ കണക്കിലെടുത്ത് ഇന്നും നാളെയും വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ്. ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ബുധനാഴ്ചയും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നദികളില്‍ യെല്ലോ അലര്‍ട്ട്
അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ താഴെ പറയുന്ന നദികളില്‍ സംസ്ഥാന ജലസേചന വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
തിരുവനന്തപുരം: വാമനപുരം (മൈലമ്മൂട് സ്റ്റേഷന്)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്), മണിമല (തോണ്ട്ര സ്റ്റേഷന്)
തൃശൂര്‍: ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്), കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
Be the first to comment