മൂന്ന് ദിവസം കൂടി അതിതീവ്രമഴ, വെള്ളിയാഴ്ച ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ചു ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: പടിഞ്ഞാറന്‍ കാറ്റിന്റെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ റെഡ് അലര്‍ട്ട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.

പ്രളയ സാധ്യത മുന്നറിയിപ്പ്

അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ കോട്ടയം ജില്ലയിലെ മീനച്ചില്‍ നദിയിലെ പേരൂര്‍ സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കോന്നി സ്റ്റേഷന്‍, മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട് ജില്ലയിലെ കോരപ്പുഴയിലെ കുന്നമംഗലം സ്റ്റേഷന്‍, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയിലെ കല്ലേലി സ്റ്റേഷന്‍, തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലെ മൈലമൂട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*