പിഎം ശ്രീ: മുന്നണി മര്യാദയുടെ ലംഘനമെന്ന് സിപിഐ, കടുത്ത അതൃപ്തി

കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’യില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ എതിര്‍പ്പും ശക്തമാകുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഐയുടെ ഏതിര്‍പ്പ് തള്ളി സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് കടുപ്പിക്കുന്നത്.

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത് എന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ വകുപ്പ് കരുതരുത്. സര്‍ക്കാരിന്റെ നടപടി വിദ്യാര്‍ഥി വഞ്ചനയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ. അധിന്‍ എന്നിവര്‍ അറിയിച്ചു.

കേരളം പിഎം ശ്രീയില്‍ ഒപ്പുവെച്ചതിനെ വിമര്‍ശിച്ച് കെഎസ്യുവും രംഗത്തെത്തി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ പിണറായി വിജയന്‍ ആര്‍എസ്എസിന് വിറ്റെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. സവര്‍ക്കര്‍ ചെയ്തതിനെക്കാള്‍ വലിയ നെറികേടാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*