തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷാ നടത്തിപ്പിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് അവിടെ നടക്കാനിരുന്ന ചില പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.
എസ്എസ്എൽസി പരീക്ഷാ വിവരങ്ങൾ
കേരളത്തിൽ 3031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 633 കുട്ടികളും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 വിദ്യാർഥികളും പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷയ്ക്ക് ആവശ്യമായ ചോദ്യപേപ്പറുകൾ 41 ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ ഇതിനോടകം എത്തിയിട്ടുണ്ട്. ഇവയുടെ സോർട്ടിങ് നടപടികൾ പൂർത്തിയാക്കി സുരക്ഷയ്ക്കായി ബാങ്ക്, ട്രഷറി എന്നിവിടങ്ങളിലെ സേഫ് ലോക്കറുകളിലേക്ക് മാറ്റി. പരീക്ഷാ നടത്തിപ്പിനായി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരുടെ നിയമനം പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് ഇരുപത്താറായിരത്തോളം അധ്യാപകരാണ് പരീക്ഷയുടെ ഇൻവിജിലേഷൻ ചുമതലകൾ നിർവഹിക്കുന്നത്.
മൂല്യനിർണയവും ഫലപ്രഖ്യാപനവും
ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി 72 ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി 950 അഡീഷനൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. ഈ അധ്യാപകർക്ക് മാർച്ച് രണ്ടാം വാരത്തിൽ തന്നെ നിയമന ഉത്തരവ് നൽകും. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 28ന് പൂർത്തിയാകും. തുടർന്ന് 2026 മെയ് മൂന്നാം വാരത്തിനുള്ളിൽ പരീക്ഷാ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ ലക്ഷ്യം.
ഹയർ സെക്കൻഡറി പരീക്ഷകൾ
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചിനും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് ആറിനും ആരംഭിക്കും. നിലവിലെ രജിസ്ട്രേഷൻ വിവരങ്ങൾ അനുസരിച്ച് 4,11,025 വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതുക. ഇതിനുപുറമെ, 3,41,222 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കും എത്തും. പ്ലസ്ടു പരീക്ഷ എഴുതുന്നത് 4,52,437 കുട്ടികളാണ്.
പരീക്ഷാ കേന്ദ്രങ്ങളും സജ്ജീകരണങ്ങളും
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി ആകെ 1984 പരീക്ഷാ കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ 1966 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും മാഹിയിൽ രണ്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇൻവിജിലേറ്റർമാരായി ഇരുപത്തൊമ്പതിനായിരത്തോളം അധ്യാപകരുടെ സേവനമാണ് ആവശ്യമായി വരുന്നത്. ഹയർ സെക്കൻഡറി ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി 89 ക്യാമ്പുകൾ ഏപ്രിൽ ആറു മുതൽ പ്രവർത്തനം ആരംഭിക്കും. മെയ് 22ന് ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
വൊക്കേഷണൽ ഹയർ സെക്കൻഡറി
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷം 26,829 കുട്ടികളും രണ്ടാം വർഷം 26,826 വിദ്യാർഥികളുമാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. നിലവിൽ 389 പരീക്ഷാ സെൻ്ററുകളാണുള്ളത്. പരീക്ഷാ ഡ്യൂട്ടിക്കായി 3,700 അധ്യാപകരെയാണ് നിയോഗിക്കുക. തിയറി പരീക്ഷകൾ അവസാനിക്കുന്ന മുറയ്ക്ക് 2026 ഏപ്രിൽ ആറു മുതൽ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കും.
ഗൾഫ് മേഖലയിലെ മാറ്റങ്ങൾ
ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ അവിടെ പരീക്ഷകൾ നടത്തുന്നതിൽ വലിയ പ്രതിസന്ധിയുണ്ട്. അതിനാൽ ഗൾഫ് മേഖലയിലെ മാർച്ച് അഞ്ചിലെ എസ്എസ്എൽസി പരീക്ഷയും, മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കാനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവയ്ക്കാൻ തീരുമാനിച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. ഗൾഫിലും കേരളത്തിലുമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്ത വിദ്യാർഥികൾ എത്രയും വേഗം പ്രഥമ അധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.



Be the first to comment