തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 25 വേദികളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. കലോത്സവത്തിൻ്റെ പ്രധാന വേദി സംഘാടകർക്ക് കൈമാറി കഴിഞ്ഞു. മറ്റ് വേദികളുടെ നിർമാണം അവസാനഘട്ടത്തിലാണ്. 64ാമത് കലോത്സവത്തിന് 64 വർണക്കുടകളോടെ കുട്ടികളെ സ്വീകരിക്കും.
10 എസ്ഐമാരുടെ കീഴിൽ 1200 ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തിൽ സ്ത്രീ സൗഹൃദ ടാക്‌സികളും സർവീസ് നടത്തും. ഊട്ടുപുരയിൽ നാളെ വൈകിട്ട് മുതൽ ഭക്ഷണ വിതരണം തുടങ്ങും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാചകം ഇത്തവണയും കേമമാവും. 25000ത്തിലധികം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്.
ആവേശഭരിതമായി സ്വര്‍ണക്കപ്പ് പ്രയാണം: ആവേശഭരിതമായി വിജയികള്‍ക്കായുള്ള സ്വര്‍ണക്കപ്പ് പ്രയാണം. ജില്ലയിൽ പ്രയാണം ആരംഭിച്ച് കഴിഞ്ഞു. ചാലക്കുടിയിലും ആവേശ സ്വീകരണമാണ് സ്വർണ കപ്പിന് നൽകിയത്. ചാലക്കുടിയില്‍ നിന്ന് തുടങ്ങുന്ന പ്രയാണം ചേലക്കരയില്‍ അവസാനിക്കും. മാള കൊടുങ്ങല്ലൂർ ചേലക്കര റൂട്ടുകളിൽ പ്രയാണം അവസാനിപ്പിച്ച് നാളെ കപ്പ് കലോത്സവ നഗരിയെത്തും.
ഈ വര്‍ഷവും സ്വര്‍ണക്കപ്പ് നമ്മുടെ ജില്ലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ജില്ലാ കലക്‌ടര്‍ അർജുൻ പാണ്ഡ്യൻ പറഞ്ഞു. കപ്പ് സ്വന്തമാക്കാന്‍ ഇവിടുത്തെ വിദ്യാര്‍ഥികള്‍ പരിശ്രമിക്കുമെന്നത് ഉറപ്പാണെന്നും ജില്ലാ കലക്‌ടര്‍ വ്യക്തമാക്കി. സ്വര്‍ണക്കപ്പ് ഘോഷയാത്രയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും കപ്പ് കടന്നു പോകുന്നുണ്ട്. തൃശൂരിനെ സംബന്ധിച്ച് ഇത് ഉത്സവ പ്രതീതി തന്നെയാണ്. സ്വര്‍ണക്കപ്പ് പ്രയാണം ചേലക്കരയില്‍ അവസാനിക്കും. നാളെ ഇത് തൃശൂരിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ജില്ലാ കലക്‌ടര്‍ കൂട്ടിച്ചേര്‍ത്തു.
“കഴിഞ്ഞ ആഴ്‌ചയാണ് എല്ലാ ജില്ലകളിലേക്കുമുള്ള പര്യാടനത്തിനായി ട്രഷറിയില്‍ നിന്ന് സ്വര്‍ണക്കപ്പ് എടുത്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കപ്പ് പര്യാടനം നടത്തി. കഴിഞ്ഞ വര്‍ഷം സ്വര്‍ണക്കപ്പ് നമ്മുടെ ജില്ലയ്‌ക്ക് സ്വന്തമായിരുന്നു. ഈ വര്‍ഷവും ഈ കപ്പ് നമ്മുടെ ജില്ലയില്‍ തന്നെ നിലനിര്‍ത്തണം. ഇത്തവണയും അത് നിലനിര്‍ത്തണമെന്നാണ് തൻ്റെ ആഗ്രഹം. അതിനായി നമ്മുടെ എല്ലാ മിടുക്കരായ കുട്ടികളും പരിശ്രമിക്കുമെന്നത് എനിക്ക് ഉറപ്പാണ്” അർജുൻ പാണ്ഡ്യൻ പറഞ്ഞു.
ഇത്തവണയും കപ്പ് തൃശൂരിൻ്റെ മണ്ണില്‍ നിലനിര്‍ത്തണമെന്ന് ചാലക്കര എംഎല്‍എ സനീഷ് കുമാര്‍ പറഞ്ഞു. കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ചാണ് കഴിഞ്ഞ വര്‍ഷം മേള നഗരി കപ്പ് തിരിച്ച് പിടിച്ചത്. അത് ഇത്തവണയും കാത്ത് സൂക്ഷിക്കണമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.



Be the first to comment