സൂപ്പര്‍ ലീഗ് കേരള: മാറ്റിവെച്ച സെമി ഫൈനല്‍ പോരാട്ടങ്ങള്‍ 14നും 15നും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ നേരിടും.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സും ഏറ്റുമുട്ടും. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പോലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചത്.

ഇരുമത്സരങ്ങള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ ഏറെയെത്താന്‍ സാധ്യതയുള്ളതായും സുരക്ഷപ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നും തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് സംഘാടകരെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കണക്കിലെടുത്ത് രണ്ട് മത്സരങ്ങളും തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനമാകുകയായിരുന്നു. അതേ സമയം ഫൈനല്‍ മാച്ചിനുള്ള വേദിയും തീയ്യതിയും പിന്നീട് അറിയിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*