തണുത്ത് വിറച്ച് കേരളം; പുതിയ കാലാവസ്ഥ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും അതിശൈത്യമേറുന്നു. മലയോരമേഖലകളിൽ തണുപ്പിന് കാഠിന്യം കൂടിവരുന്നു. വരും ദവസങ്ങളില്‍ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടുമെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തണുപ്പ് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മലമ്പ്രദേശങ്ങളിൽ തണുപ്പ് കൂടും. സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി പ്രദേശങ്ങളിൽ താപനില കുറഞ്ഞ് തുടങ്ങി. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഡിസംബറിൽ പകൽ താപനില ശരാശരി 28°C വരെയും രാത്രികാലങ്ങളിൽ കുറഞ്ഞ താപനില 18°C വരെയും ആയിരിക്കും. ഉത്തരേന്ത്യയിൽ അതിശൈത്യം അനുഭവപ്പെടുന്ന സമയങ്ങളിൽ, അവിടങ്ങളിൽനിന്നുള്ള വരണ്ട വടക്കൻ കാറ്റ് കേരളത്തിലേക്ക് എത്തുന്നത് താപനില കുറയാൻ കാരണമാകാറുണ്ട്.

പശ്ചിമഘട്ടം ഈ കാറ്റിലെ ഈർപ്പം തടഞ്ഞുനിർത്തുന്നതിനാൽ കാറ്റ് കൂടുതൽ വരണ്ടതാവുകയും തണുപ്പ് കൂടുകയും ചെയ്യുന്നു. അതുകൊണ്ട് താപനില ചിലപ്പോൾ 10°C-ൽ താഴെയോ അതിലും കുറവോ ആവാറുണ്ട്. ഈ സമയങ്ങളിൽ ഈ പ്രദേശങ്ങൾ മഞ്ഞിൽ പുതഞ്ഞ നിലയിൽ കാണാം. സമതല പ്രദേശങ്ങളിൽ പോലും, പ്രത്യേകിച്ച് പുലർച്ചെയും രാത്രിയിലും താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ. കഴിഞ്ഞ ആഴ്‌ചകൾ വരെ സംസ്ഥാനത്ത് ശക്തമായ മഴയാണുണ്ടായിരുന്നത്. പിന്നീടത് നേരിയ മഴയായ് തുടർന്നെങ്കിലും അതിശക്തമല്ലായിരുന്നു. വരുന്ന അഞ്ചു ദിവസത്തേയ്‌ക്ക് ഒരു ജില്ലയിലും കാലാവസ്ഥ വകുപ്പ് മഴ മുനനറിയിപ്പ് നൽകിയിട്ടില്ല.

ജലദോഷം, പനി, അണുബാധ എന്നിവയിൽ നിന്ന് രക്ഷ നേടാം

  • ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അല്ലെങ്കിൽ പൊതുസ്ഥലത്ത് പോകുമ്പോഴോ നിങ്ങളുടെ മൂക്കും വായയും മൂടുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക
  • ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
  • നിങ്ങളുടെ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക.
  • പനി ഉണ്ടെങ്കിൽ, ജോലിസ്ഥലത്തോ സ്‌കൂളിലും പോകരുത്. മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
  • ആവശ്യത്തിന് വിശ്രമിക്കുക, വേഗത്തിൽ സുഖം പ്രാപിക്കാൻ ശരീരത്തില്‍ ജലാംശം നിലനിർത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*