കേരള സർവകലാശാല സംഘർഷം; എസ്എഫ്ഐയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ.സിസ തോമസ്

കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും, സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി.

സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്. വിദ്യാർഥികൾക്ക് പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്തിയിരുന്നു.

അതേസമയം, കേരള സർവകലാശാല രജിസ്ട്രാർ കെ എസ്. അനിൽകുമാറിനെതിരെ സിസ തോമസ് നോട്ടീസ് നൽകി. കെ എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുതെന്നാണ് നോട്ടീസ്. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്ന് നോട്ടീസിൽ പറയുന്നു. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകി. സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിസി. ഇന്നലെയാണ് അനിൽ കുമാറിന് നോട്ടീസ് നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*