വീണ്ടും നാടകീയ രംഗങ്ങൾ; വി സിക്ക് മറുപടി നൽകാതെ കേരള സർവകലാശാല ജോയിന്റ് രജിസ്ട്രാർ അവധിയിൽ പ്രവേശിച്ചു

കേരള സർവകലാശാലയിലെ നാടകീയ നീക്കങ്ങൾ തുടരുന്നു. താത്കാലിക വി സി ഡോ സിസ തോമസ് ഇറങ്ങിപ്പോയതിന് ശേഷവും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിൽ വിശദീകരണം നൽകാതെ ജോയിന്റ് രജിസ്ട്രാർ പി പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. മറുപടി നൽകാൻ ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ചത്തെ സാവകാശം ചോദിച്ചു. എന്നാൽ സീനിയർ ജോയിൻ്റ് രജിസ്ട്രാറുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് താത്കാലിക വി സി സിസ തോമസിന്റെ പ്രതികരണം. രജിസ്ട്രാർ സാവകാശം തേടിയതിനെക്കുറിച്ചും അറിയില്ല. സീനിയർ ജോയിൻ്റ് രജിസ്ട്രാർക്കെതിരെയുള്ള നടപടി ആലോചനകൾക്ക് ശേഷമായിരിക്കുമെന്നും സിസ തോമസ്. ഇന്ന് 9 മണിക്കുള്ളിൽ മറുപടി നൽകണം എന്നായിരുന്നു വി സിയുടെ നിർദേശം.

ജോയിന്റ് രജിസ്ട്രാർ സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നത് ചട്ടലംഘനമെന്നാണ് വി സിയുടെ വിലയിരുത്തൽ. മാത്രമല്ല രജിസ്ട്രാർ ഡോ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്ററിൽ വി സി അതൃപ്തി അറിയിച്ചിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ പിൻവലിച്ചതോടെ രജിസ്ട്രാർ അനിൽ കുമാര്‍ ഇന്നലെ തന്നെ സർവകലാശാലയിൽ എത്തി ചുമതല ഏറ്റെടുത്തിരുന്നു. കേരള സർവകലാശാലയുടെ താത്കാലിക വി സിയായുള്ള സിസ തോമസിന്റെ കാലാവധി നാളെ അവസാനിക്കും.

അതേസമയം, സസ്പെൻഷൻ ചോദ്യം ചെയ്ത് രജിസ്ട്രാർ കെ എസ് അനിൽകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രജിസ്ട്രാറായി വീണ്ടും സ്ഥാനമേറ്റതിനാൽ ഹർജി അനിൽകുമാർ പിൻവലിക്കും. കേസിൽ സിൻഡിക്കേറ്റും – വൈസ് ചാൻസിലറും മറുപടി സത്യവാങ്മൂലങ്ങൾ നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*