അവധിക്ക് അപേക്ഷിച്ച് കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍; സസ്‌പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെഎസ് അനില്‍കുമാര്‍ അവധിക്ക് അപേക്ഷ നല്‍കി. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. വിദേശപര്യടനം കഴിഞ്ഞ് ബുധനാഴ്ച ചുമതലയേറ്റെടുത്ത വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലിനാണ് അവധി അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് തുടര്‍ച്ചയായാണ് രജിസ്ട്രാറെ വിസി സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

പിന്നീട് വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ വിദേശത്തേയ്ക്ക് പോകുകയും ഡോ. സിസ തോമസിന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു. തുടര്‍ന്ന് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. എന്നാല്‍, സിന്‍ഡിക്കേറ്റിന്റെ നടപടി വിസി അംഗീകരിച്ചിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*