എസ്എഫ്ഐ പ്രതിഷേധത്തിനു പിന്നാലെ യൂണിയൻ അസാധുവാക്കി കേരള വിസി; പ്രതികാരമെന്ന് ആക്ഷേപം

കേരള സർവകലാശാല യൂണിയനെ വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മൽ അസാധുവാക്കി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെയായിരുന്നു യൂണിയന്റെ കാലാവധി. എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. വിസിയുടേത് പ്രതികാര നടപടിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

അതേസമയം നിലവിലെ യൂണിയന്റെ കാലാവധി തീരുന്നത് കണക്കിലെടുത്താണ് നടപടിയെന്നാണ് സർവകലാശാല അധികൃതർ വിശദീകരിക്കുന്നത്. വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു. ജനാധിപത്യപരമായി വിദ്യാര്‍ഥികള്‍ തെരഞ്ഞെടുത്ത യൂണിയനെയാണ് ജനാധിപത്യ വിരുദ്ധമായി അസാധുവാക്കിയത്. ഇത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ അവകാശത്തെ നിഷേധിക്കലാണ്. വിസി മോഹനന്‍ കുന്നുമ്മല്‍ ഇരിക്കുന്ന സ്ഥാനത്തോട് നീതി പുലര്‍ത്താത്ത ആളാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

അതിനിടെ, കേരള സര്‍വകലാശാല ആസ്ഥാനത്ത് വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം വന്‍ സംഘർഷത്തിൽ കലാശിച്ചു. പോലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ബാരിക്കേഡും ജലപീരങ്കിയും മറികടന്നെത്തിയ പ്രതിഷേധക്കാര്‍ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കുന്നില്ല, കായിക വിദ്യാര്‍ഥികള്‍ക്ക് ടിഎ നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. രാവിലെ കവാടത്തിനു മുന്നില്‍ ബാരിക്കേഡ് വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആസ്ഥാനം കയ്യടക്കുകയായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ രജിസ്ട്രാറുടെ ഓഫിസിനു മുന്നിലും വിസിയുടെ ചേംബറിനു മുന്നിലും എത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*