കേരളത്തെ ലോകത്തിലെ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി. എന്‍ വാസവന്‍. എം.ജി സര്‍വകലാശാല അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസനത്തിനുമായി ഏറ്റവുമധികം പണം മുടക്കുന്നത് കേരള സര്‍ക്കാര്‍ ആണെന്നും ഉന്നത വിദ്യാഭ്യാസത്തെയും തൊഴില്‍ വിപണിയേയും ബന്ധിപ്പിച്ചു കൊണ്ട് സമൂഹത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി അരവിന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെയും എം ജി സര്‍വകലാശാലയേയും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതായിരുന്നു കോണ്‍ക്ലേവിന്റെ പ്രമേയം. രണ്ട് ദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം സാമൂഹ്യശാസ്ത്രം, അന്താരാഷ്ട്രാ പഠനം, കലാ, സാഹിത്യം മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടന്നു. അമേരിക്ക, കാനഡ, യൂറേപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും നടന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാദമിക വ്യാവസായിക കലാ സാഹിത്യ മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം ജി സര്‍വകലാശാലാ ക്യാമ്പസിലെ പൂര്‍വ വിദ്യാര്‍ഥികള്‍ നേരിട്ടും ഓണ്‍ലൈനായും രണ്ട് ദിവസത്തെ കോണ്‍ക്ലേവിന്റെ ഭാഗമായി. എംജി യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ഥി അസോസിയേഷനും സര്‍വകലാശാലയും ചേര്‍ന്നാണ് രണ്ടുദിവസത്തെ അന്താരാഷ്ട്രാ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
ഉദ്ഘാടന സമ്മേളത്തില്‍ ഡോ. പി.കെ ബിജു (മുന്‍ എം.പി ), ജയരാജ് (സിനിമാ സംവിധായകന്‍) റെജി സഖറിയ (സിന്‍ഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിന്‍ ഡിക്കേറ്റ് അംഗം), പ്രൊഫ. പി. ആര്‍ ബിജു (ഡയറക്ടര്‍, കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍), സുരേഷ് എം. എസ് ( സെനറ്റ് അംഗം), മിഥുന്‍ എം. എസ് ( ചെയര്‍മാന്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്‍സ് യൂണിയന്‍) എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ജിന്‍ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്‌സിറ്റി അലമ്‌നെ അസോസിയേഷന്‍ ) സ്വാഗതവും ഡോ. പി. മനോജ് (കണ്‍വീനര്‍, എഡ്യു വിഷന്‍ ) നന്ദിയും പറഞ്ഞു.



Be the first to comment