
ആരോഗ്യ മേഖലയില്‍ കേരളത്തിൻ്റെ മുന്നേറ്റം അടയാളപ്പെടുത്തി ശിശുമരണ നിരക്കിലെ കുറവ്. അമേരിക്കന്‍ ഐക്യനാടുക(യുഎസ്എ)ളേക്കാള്‍ കുറവാണ് കേരളത്തിലെ ശിശുമരണ നിരക്കെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ ശിശുമരണ നിരക്ക് വികസിത രാജ്യങ്ങളേക്കാള്‍ കുറവിലെത്തുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ശിശു മരണ നിരക്കിൻ്റെ ദേശീയ ശരാശരി 25 ആണ്. രാജ്യത്ത് എറ്റവും കുറഞ്ഞ നിരക്കുള്ള സംസ്ഥാനമായ കേരളത്തില്‍ ശിശു മരണനിരക്ക് 5 മാത്രമാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്. അഭിമാന നേട്ടത്തിലേക്ക് കേരളത്തെ എത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.
കേരളത്തിലെ നവജാത ശിശു മരണ നിരക്ക് 4ല്‍ താഴെയാണ്. ദേശീയ തലത്തില്‍ 18 ഉള്ളപ്പോഴാണ് കേരളം 4ല്‍ എത്തിയത്. ഇത് വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. 2021ലെ ശിശു മരണനിരക്കായ 6ല്‍ നിന്നാണ് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ 5 ആക്കി കുറയ്ക്കാനായത്. 2023-ല്‍ 1,000 കുഞ്ഞുങ്ങളില്‍ 5 മരണങ്ങള്‍ എന്ന ശിശു മരണനിരക്ക് രേഖപ്പെടുത്തിക്കൊണ്ടാണ് കേരളം പൊതുജനാരോഗ്യ രംഗത്ത് ശ്രദ്ധേയമായ മറ്റൊരു നാഴികക്കല്ല് കൈവരിച്ചത്. ഇത് അമേരിക്കയുടെ 1,000 ജനനങ്ങളില്‍ 5.6 എന്ന നിരക്കിനേക്കാള്‍ കുറവാണ്.
കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മാതൃശിശു സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടേയും നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. പ്രസവം നടക്കുന്ന സംസ്ഥാനത്തെ 16 ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സര്‍ട്ടിഫിക്കേഷനും 6 ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ അംഗീകാരവും ലഭ്യമാക്കി. രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. ജന്മനായുള്ള വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോണ്‍ സ്‌ക്രീനിംഗ് പദ്ധതി നടപ്പിലാക്കി.
കുഞ്ഞുങ്ങളില്‍ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിത്സിക്കുന്ന ഹൃദ്യം പദ്ധതി വിജയകരമായി തുടരുന്നു. ഇതുവരെ 8450 കുഞ്ഞുങ്ങള്‍ക്കാണ് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ശാരീരികവും മാനസികവുമായ പരിചരണം ഉറപ്പാക്കി. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി. അപൂര്‍വ ജനിതക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുക വഴി അതുമൂലമുള്ള മരണങ്ങളും കുറയ്ക്കാന്‍ സാധിച്ചു.
കേരളത്തില്‍ നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ മരണനിരക്ക് ഒരുപോലെ കുറയ്ക്കാനായി. കേരളത്തിൻ്റെ നിരക്കില്‍ ഗ്രാമ നഗര വ്യത്യാസമില്ല. ആദിവാസി, തീരദേശ മേഖലകളിലുള്‍പ്പെടെ ഈ സര്‍ക്കാരിൻ്റെ കാലത്ത് നവജാത ശിശു തീവ്രപരിചരണ യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നു എന്നതിൻ്റെ തെളിവ് കൂടിയാണിത്.




Be the first to comment