‘ചീഫ് ജസ്റ്റിസ് പദവി വലിയ ഉത്തരവാദിത്തവും പ്രതീക്ഷയും നിറഞ്ഞത്’: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് ആശംസ നേർന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : പുതുതായി നിയമിതനായ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് ഭൂഷണ്‍ രാമകൃഷ്‌ണ ഗവായ്ക്ക് ആശംസയറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായിട്ടാണ് ജസ്‌റ്റിസ് ഗവായി സത്യപ്രതിജ്ഞ ചെയ്‌തത്.

‘ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് ആശംസകൾ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വലിയ ഉത്തരവാദിത്തവും പൊതുജന പരിശോധനയും പ്രതീക്ഷകളും നിറഞ്ഞതാണ്. ഈ ആദരണീയ സ്ഥാനം കൈകാര്യം ചെയ്യാനും ജുഡീഷ്യറിയെ മികവോടെ സേവിക്കാനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹത്തിന്‍റെ വിശിഷ്ട ജീവിതം സൂചിപ്പിക്കുന്നു.’ -ഖാർഗെ എക്സിൽ കുറിച്ചു.

ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായി ബുധനാഴ്‌ച ജസ്‌റ്റിസ് ഭൂഷൺ രാമകൃഷ്‌ണ ഗവായി സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

മറ്റ് കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സുപ്രീം കോടതി, ഹൈക്കോടതി ജഡ്‌ജിമാർ, വിരമിച്ച ചീഫ് ജസ്‌റ്റിസുമാർ, മുൻ സുപ്രീം കോടതി ജഡ്‌ജിമാർ എന്നിവരുൾപ്പെടെ പ്രമുഖ നിയമ, രാഷ്ട്രീയ വ്യക്തികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*