ഹൈദരാബാദ്: കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ എംപിവി ലൈനപ്പിൽ പുതിയ ലോവർ മിഡ്-സ്പെക്ക് HTE(EX) വേരിയന്‍റ് കൂട്ടിച്ചേർത്തത്. ഇതിനൊപ്പം സബ്‌കോംപാക്റ്റ്-എസ്‌യുവി ആയ കിയ സിറോസിനായും പുതിയ HTK (EX) വേരിയന്‍റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കിയ സിറോസിന്‍റെ HTK (O), HTK+ വേരിയന്‍റുകൾക്കിടയിലാണ് പുതിയ വേരിയന്‍റ് ഇടം പിടിച്ചിരിക്കുന്നത്.
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ വേരിയന്‍റ് ലഭ്യമാകും. HTK (EX) വേരിയന്‍റിന്‍റെ പെട്രോൾ എഞ്ചിന് 9.89 ലക്ഷം രൂപയും, ഡീസൽ എഞ്ചിന് 10.64 ലക്ഷം രൂപയും ആണ് എക്‌സ്-ഷോറൂം വില. മുൻ വേരിയന്‍റുകളിലേതിന് സമാനമായി കമ്പനി ഒരു മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമേ ഇതിലും വാഗ്‌ദാനം ചെയ്യുന്നുള്ളൂ.
കൂടാതെ LED ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ പോലുള്ള ചില അധിക പ്രീമിയം സവിശേഷതകളും ഇതിൽ ചേർത്തിട്ടുണ്ട്. HTK (O) വേരിയന്‍റിനെ അപേക്ഷിച്ച്, പുതിയ HTK (EX) വേരിയന്‍റിന് ഏകദേശം 50,000 രൂപ കൂടുതലാണ്.
കിയ സിറോസ് HTK (EX): ഫീച്ചറുകൾ
പുതിയ വേരിയന്‍റിന്‍റെ സവിശേഷതകളിലേക്ക് പോകുമ്പോൾ, HTK (O) ട്രിമ്മിന് സമാനമായ മിക്ക സവിശേഷതകളും ലഭിച്ചിട്ടുണ്ട്. ഇലക്ട്രിക് സൺറൂഫ്, 16 ഇഞ്ച് അലോയ് വീലുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, സെൻസറുകളുള്ള റിയർ പാർക്കിങ് ക്യാമറ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
ഇതിനുപുറമെ, EBD സഹിതമുള്ള ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്‍റ് എന്നിവയുൾപ്പെടെ 20-ലധികം സുരക്ഷാ സവിശേഷതകളുള്ള ഒരു സ്റ്റാൻഡേർഡ് സ്യൂട്ടും കമ്പനി ഈ ട്രിമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിയ സിറോസ് HTK (EX): എഞ്ചിൻ ഓപ്ഷനുകൾ
കിയ സിറോസ് HTK (EX) വേരിയന്‍റിന് 1.0 ലിറ്റർ TGDi ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് കരുത്ത് പകരുന്നത്. രണ്ട് എഞ്ചിനുകളിലും 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷൻ ഓപ്ഷനിൽ ലഭ്യമാണ്.
പുതിയ വേരിയന്‍റ് കൂടെ പുറത്തിറക്കിയതിന് ശേഷം കിയ സിറോസ് ലൈനപ്പിൽ ആകെ ഏഴ് ട്രിമ്മുകളാണ് ഉള്ളത്. ഇതിന്‍റെ പെട്രോൾ വേരിയന്‍റുകൾക്ക് 8.67 ലക്ഷം മുതൽ 15.29 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ഡീസൽ ഡീസൽ വേരിയന്‍റുകൾക്ക് 10.14 ലക്ഷം മുതൽ 15.94 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.
ഉപഭോക്തൃ ഫീഡ്‌ബാക്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാലും, അവർക്ക് ശരിയായ മൂല്യം നൽകുന്നതിനാലും ആണ് കിയ സിറോസിനായി പുതിയ HTK(EX) വേരിയന്‍റ് പുറത്തിറക്കിയത് എന്ന് കിയ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്‍റും സെയിൽസ് ആൻഡ് മാർക്കറ്റിങ് നാഷണൽ ഹെഡുമായ അതുൽ സൂദ് പറഞ്ഞു. ആകർഷകമായ വിലയിൽ തങ്ങളുടെ ലൈനപ്പ് വികസിപ്പിക്കുന്നത് വഴി കിയയിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന സവിശേഷതകളും ഗുണനിലവാരവും നൽകിക്കൊണ്ട് കൂടുതൽ ആളുകൾക്ക് ഞങ്ങളുടെ എസ്‌യുവി ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment