
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്ന് കൊല്ലപ്പട്ട ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമ. വധശിക്ഷയിൽ കുറഞ്ഞത് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. പ്രതികളുടെ വാദങ്ങൾ കോടതി കേട്ടു. അമ്മയും മക്കളും കുടുംബവും ഉണ്ടെന്നു പറഞ്ഞ പ്രതികൾ ചന്ദ്രശേഖരന് കുടുംബം ഉണ്ടായിരുന്നു എന്ന് ഓർത്തില്ല. ചന്ദ്രശേഖരന് അമ്മ ഉണ്ടായിരുന്നു. അമ്മ ഹൃദയം പൊട്ടിയാണ് മരിച്ചതെന്നും കെ കെ രമ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നതില്‍ നാളെയും വാദം തുടരും. നിപരാധികളെന്നും ശിക്ഷ ഇളവ് നല്‍കണമെന്നും പ്രതികള്‍ വാദിച്ചു. ആരോഗ്യപ്രശ്‌നങ്ങളും പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, വധശിക്ഷ നല്‍കരുതെന്നും ഒന്നാം പ്രതി എംസി അനൂപ് ആവശ്യപ്പെട്ടു. 80 വയസായ അമ്മ മാത്രമേയുള്ളൂ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് കിര്‍മ്മാണി മനോജും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കൊടി സുനിയും കോടതിയില്‍ പറഞ്ഞു.
രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണമെന്നും വാദം അറിയിക്കാന്‍ സമയം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പ്രൊസിക്യൂഷനും നല്‍കും. ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഇന്ന് എറണാകുളം സബ് ജയിലില്‍ പാര്‍പ്പിക്കും. പ്രതികളുടെ ശരീരിക മാനസിക ആരോഗ്യവും ജയിലിലെ പെരുമാറ്റവും സംബന്ധിച്ച റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്.
Be the first to comment