കോട്ടയം ജില്ലയിലെ പ്രധാന പാതകളിലൊന്നായ കെ കെ റോഡ് രാജ്യാന്തര നിലവാരത്തിലേക്ക്‌

കോട്ടയം: ജില്ലയിലെ പ്രധാന പാതകളിലൊന്നായ കോട്ടയം-കുമളി റോഡും രാജ്യാന്തര നിലവാരത്തിലേക്ക്‌. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാതയാണ്‌ നവീകരിക്കുന്നത്‌. ദേശീയപാതാ 183(കൊല്ലം–-തേനി)ന്റെ ഭാഗമാണ്‌ കെ കെ റോഡ്‌. മണർകാട്‌ മുതൽ വാഴൂർ ചെങ്കൽപ്പള്ളി വരെയുള്ള  ഇരുപത്തിയൊന്ന്‌ കിലോമീറ്റർ ആദ്യ ഘട്ടത്തിൽ നവീകരിക്കും. പതിനാറ്‌ മീറ്റർ വീതിയിലാണ്‌ റോഡ്‌ നവീകരിക്കുക. പ്രാരംഭ സർവേ പ്രവർത്തനങ്ങൾ പൊതുമരാമത്ത്‌ വകുപ്പ്‌ ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഇത്‌പൂർത്തിയായാൽ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങും. മുണ്ടക്കയം വരെയുള്ള നവീകരണ പ്രവൃത്തികൾ രണ്ടാം ഘട്ടമായി നടക്കും. എംസി റോഡിലെ മണിപ്പുഴയിൽ നിന്നും ഈരയിൽകടവ്‌, ദേവലോകം, പുതുപ്പള്ളി വഴി മണർകാട്ടേക്ക്‌ പുതിയ ബൈപാസും ആലോചനയിലുണ്ട്‌. ഇതോടെ  കലക്‌ക്ടറേറ്റ്‌, കഞ്ഞിക്കുഴി ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്കിനും പരിഹാരമാവും.

ജങ്‌ഷനുകളുടെ നവീകരണം, വളവ്‌ നിവർത്തൽ, ബസ്‌ബേ നിർമാണം, ആധുനിക ട്രാഫിക്ക്‌ മാർക്കിങ്ങുകൾ, ടേക്ക്‌ എ ബ്രേക്ക്‌ സംവിധാനം, പാർക്കിങ്‌ സൗകര്യങ്ങൾ, സൗന്ദര്യവൽക്കരണ പ്രവൃത്തികൾ, മീഡിയനുകൾ എന്നിവയടങ്ങുന്ന ബൃഹത്തായ നവീകരണ പദ്ധതിയാണ്‌ ഒരുങ്ങുന്നത്‌. മണർകാട്‌, പാമ്പാടി, വെള്ളൂർ, പുളിക്കൽ കവല, കൊടുങ്ങൂർ ജങ്‌ഷനുകളുടെ നവീകരണവും പദ്ധതിയിലുണ്ട്‌.

കെകെ റോഡ്‌ 1870ലാണ്‌ രൂപം കൊള്ളുന്നത്‌. തിരുനക്കര മുതൽ മുണ്ടക്കയം വരെയുണ്ടായിരുന്ന നടപ്പാത സിഎംഎസ്‌ മിഷനറി ആയിരുന്ന ഹെൻറി ബേക്കറിന്റെ അഭ്യർഥന പ്രകാരം തിരുവിതാംകൂർ സർക്കാർ കാളവണ്ടി പോകാൻ പാകത്തിന്‌ കുമളി വരെ വികസിപ്പിച്ചു. എട്ട്‌ വർഷത്തോളമെടുത്തു നിർമാണം പൂർത്തിയാകാൻ. ഇതാണ്‌ പിന്നീട്‌ കെകെ റോഡായി മാറിയത്‌. 1924 ലെ പ്രളയത്തെ തുടർന്ന്‌ റോഡിന്റെ നല്ലൊരു ഭാഗം തകർന്നു പോയതിനുശേഷം കുട്ടിക്കാനം വഴി പുതിയ പാത പണിയുകയായിരുന്നു. കേരളത്തിൽ ആദ്യം റബറൈസ്‌ഡ്‌ ടാറിങ്‌ നടന്നതും കെ കെ റോഡിലാണ്‌. 2004ലാണ്‌ ദേശീയപാതയായി ഉയർത്തിയത്‌. കേരളത്തിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്നതിനാൽ ചരക്ക്‌ നീക്കത്തിലുൾപ്പെടെ നിർണ്ണായക സ്ഥാനമുള്ള റോഡാണിത്‌. ശബരിമല ഗ്രീൻഫീൽഡ്‌ വിമാനത്താവളം ഉൾപ്പെടെ യാഥാർഥ്യമാവുന്നതോടെ വൻ തിരക്ക്‌ അനുഭവപ്പെടാനിടയുള്ള റോഡുകൂടിയാണിത്‌. അതിനാൽ തന്നെ നവീകരണപ്രവർത്തനങ്ങൾ കോട്ടയത്തിന്റെ വികസനത്തിന്‌ തന്നെ പുതുമുഖം സൃഷ്‌ടിക്കുമെന്നുറപ്പാണ്‌.

Be the first to comment

Leave a Reply

Your email address will not be published.


*