ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, പക്ഷേ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കാതെ ബഹളം വെച്ചതെന്നും കെകെ ശൈലജ പറഞ്ഞു.
എന്തിനാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതെന്ന് കെകെ ശൈലജ ചോദിച്ചു. യഥാര്‍ഥത്തില്‍ പത്ത് പതിനേഴ് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചയ്ക്ക് അനുമതി കൊടുത്തിട്ടുള്ള ഗവണ്‍മെന്റാണ് ഇത്. ഞങ്ങള്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാറില്ല. ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ അതിന് എന്താണ് പരിഹാരം എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്ന, തികച്ചും ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവണ്‍മെന്റ് ആണിത്. ഇന്ന് ഒരു അടിയന്തരപ്രമേയം കൊണ്ടുവരാമായിരുന്നല്ലോ. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് കേരള നിയമസഭയ്ക്കകത്ത് ചര്‍ച്ച ചെയ്യാമായിരുന്നല്ലോ. അടിയന്തരപ്രമേയം കൊണ്ടുവന്നാല്‍ ചര്‍ച്ചയ്ക്ക് അനുവദിക്കുമെന്ന് അവര്‍ക്കറിയാം.. അതുകൊണ്ട് അവര്‍ പിന്‍വാങ്ങി – ശൈലജ പറഞ്ഞു.
പോറ്റിയെ അറസ്റ്റ് ചെയ്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി. പോറ്റിയെ ശബരിമലയില്‍ കേറ്റിയത് എല്‍ഡിഎഫ് ആണോ? അല്ലല്ലോ? സ്വര്‍ണം കട്ട ആളും സ്വര്‍ണം വാങ്ങിയ ആളും കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം വന്നു. നമ്പര്‍ ടെന്‍ ജന്‍പഥില്‍, സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ലാത്ത ഒരിടത്ത്, ഒരു അപ്പോയിന്‍മെന്റ് കിട്ടണമെങ്കില്‍ എത്രയോ മാസങ്ങളോ വര്‍ഷമോ കാത്തുനില്‍ക്കേണ്ടുന്ന ഒരിടത്ത് ഒരുമിച്ച് അവിടെ സന്ദര്‍ശിക്കാന്‍ അവസരം കിട്ടി എന്നതും ശ്രദ്ധിക്കേണ്ട വിഷയമല്ലേ? ഇതെല്ലാം ചര്‍ച്ചയ്ക്ക് വിധേയമാകുമെന്ന് യുഡിഎഫിന് നന്നായിട്ടറിയാം. ഞങ്ങള്‍ക്ക് ശബരിമലയുടെ കാര്യത്തിലായാലും മറ്റേത് വിഷയത്തിലായാലും ഒന്നും ഒളിച്ചുവയ്ക്കാനില്ല. നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരട്ടെ. അവിടെ ഒരു തരി സ്വര്‍ണം അയ്യപ്പന്റേത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത് – കെകെ ശൈലജ പറഞ്ഞു.



Be the first to comment