ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് കെകെആറിന് സ്വന്തം

ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍. 25.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടറെ സ്വന്തമാക്കിയത്. 14.2 കോടി വീതം നല്‍കി യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയേയും ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയതാണ് ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകള്‍.

മിനി ലേലത്തിലെ താരം കാമറൂണ്‍ ഗ്രീന്‍ തന്നെയായിരുന്നു. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടര്‍ക്കായി ആദ്യം ശ്രമിച്ചത് പഴ്‌സില്‍ വെറും 2.75 കോടിയുമായെത്തിയ മുംബൈ ഇന്ത്യന്‍സ്. മടിയില്‍ 64.3 കോടിയെന്ന ആവോളം കനമുണ്ടായിരുന്ന കൊല്‍ക്കത്ത ഒരു വശത്ത് ഉറച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഉയര്‍ത്തിയ വെല്ലുവിളി ഏശിയില്ല. ഒടുവില്‍ 25.2 കോടിക്ക് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരമെന്ന റെക്കോര്‍ഡുമായി കാമറൂണ്‍ ഗ്രീന്‍ കെകെആറിന് സ്വന്തം. 18 കോടിക്ക് മതീഷ പതിരാനയേയും 9.2 കോടിക്ക് മുസ്തഫിസുര്‍ റഹ്മാനെയും സ്വന്തമാക്കി കെകെആര്‍.

ബൗളിങ് ഡിപ്പാര്‍ട്ടുമെന്റും കെകെആര്‍ സ്‌ട്രോങ്ങാക്കി. വയസന്‍ പടയെന്ന ഒരു കാലത്ത് പഴി കേട്ടിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് യുവതാരങ്ങള്‍ക്കായി പണച്ചാക്ക് പൊട്ടിച്ചതായിരുന്നു ലേലത്തിലെ ഏറ്റവും കൗതുകം. 14.2 കോടിക്കാണ് യുപിയുടെ ഇരുപതുകാരന്‍ ഓള്‍റൌണ്ടര്‍ പ്രശാന്ത് വീറും രാജസ്ഥാന്റെ 19കാരന്‍ കാര്‍ത്തിക് ശര്‍മക്കുമായി ചെലവഴിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ അണ്‍ക്യാപ്ഡ് താരങ്ങളെന്ന പകിട്ട് പങ്കിടും ഇനിയിവര്‍.

ആദ്യം ആരും വാങ്ങാതിരുന്ന ലിയാം ലിവിങ്സ്റ്റണ്‍ വീണ്ടും ലേലത്തിനെത്തിയപ്പോള്‍ 13 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദും സ്വന്തമാക്കി. 8.6 കോടിക്ക് ലഖ്‌നൗ സ്വന്തമാക്കിയ ജോഷ് ഇംഗ്ലിസ്, 8.4 കോടിക്ക് ഡല്‍ഹി ടീമിലെത്തിച്ച ജമ്മു ഓള്‍റൌണ്ടര്‍ ഔകിബ് നബി ദര്‍, 7.2 കോടിക്ക് രാജസ്ഥാന്‍ തിരിച്ചെത്തിച്ച രവി ബിഷ്‌ണോയ്, 7 കോടിക്ക് ചാമ്പ്യന്മാരായ ആര്‍സിബി പൊക്കിയ വെങ്കിടേഷ് അയ്യര്‍, 7 കോടിക്ക് ഗുജറാത്തിലെത്തിയ കരീബിയന്‍ കരുത്ത് ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങള്‍.മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സും സ്വന്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*