
കോട്ടയം : കേരള കോൺഗ്രസിന്റെ വാതിലുകൾ എന്നും തുടർന്നുകിടക്കുകയാണെന്ന് ജോസ് കെ മാണി. ആർക്കും കടന്നുവരാൻ സാധിക്കുന്ന വാതിലുകളാണ് കേരള കോൺഗ്രസിന്റേത്. കെ എം മാണിയുടെ ആറാം ചരമ വാർഷിക ദിനത്തിൽ കല്ലറയിൽ എത്തി പ്രാർത്ഥിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു കേരള കോൺഗ്രസ് എം നേതാവും മുൻ മന്ത്രിയുമായ കെഎം മാണി. പ്രായോഗിക രാഷ്ട്രീയത്തിന്റെ മുഖം. ഒരു കാലത്ത് മുന്നണി രാഷ്ട്രീയത്തിന്റെ അവസാനവാക്ക്. രാഷ്ട്രീയ കരുനീക്കങ്ങളിൽ ചുക്കാൻ പിടിച്ച നേതാവ്. അങ്ങനെ കേരള രാഷ്ട്രീയത്തിൽ വിശേഷണങ്ങൾ ഏറെ. പാലായെ ചുറ്റിപ്പറ്റിയായിരുന്നു കെ എം മാണിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതം. പാലാക്കാരുടെ മാണിയെന്നും മാണി സാറിന്റെ പാലാ എന്നും ആ ബന്ധം ലോകം അറിഞ്ഞു.
1965 മുതൽ പാലാക്കാർ നെഞ്ചിലേറ്റി. തുടർച്ചയായി 13 തവണ നിയമസഭയിലെത്തിച്ചു. അതുമാത്രമായിരുന്നില്ല. ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രി എന്നതടക്കമുള്ള റെക്കോഡുകളും കെ എം മാണിയുടെ പേരിലാണ്. കെ എം മാണിയെന്ന നേതാവിന്റെ ശൂന്യത പാലായിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിലും തീരാ നഷ്ടമാണ്
കേരള കോൺഗ്രസ് പിറവിയെടുക്കുമ്പോൾ ആ പാതയിൽ ആയിരുന്നില്ല കെഎം മാണി. എന്നാൽ പിന്നീട് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് കേരള കോൺഗ്രസിലേക്ക്. അവിടുന്ന് അങ്ങോട്ട് കേരള കോൺഗ്രസിന്റെ വളർച്ചയിലും തളർച്ചയിലും ഒരു വശത്ത് കെ എം മാണിയുണ്ടായിരുന്നു. ബാർ കോഴ കേസിൽ പ്രതിപക്ഷം ക്രൂശിച്ചപ്പോഴും പാലക്കാർ കൈവിട്ടില്ല.
എന്നാൽ കെ എം മാണിയുടെ കാലശേഷം കേരള കോൺഗ്രസിനെ പാലക്കാർ കൈവിട്ടു. കെഎം മാണിക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ പാലായിൽ വിജയിക്കാൻ കേരള കോൺഗ്രസിന് സാധിച്ചില്ല.
Be the first to comment