‘ഇ പി ജയരാജന്‍ മാപ്പ് പറയണം, തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത് തെറ്റ്’: കെ എം ഷാജി

ജയിലിലെ തടവുപുള്ളികളുടെ ദിവസവേതനം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ക്രൂരകൃത്യം ചെയ്ത തടവുപുള്ളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും തമ്മില്‍ താരതമ്യം ചെയ്തത് സംസാരിച്ചത് ശരിയല്ലെന്നും ഇ പി ജയരാജന്‍ മാപ്പ് പറയണമെന്നുമാണ് കെ എം ഷാജി ആവശ്യപ്പെടുന്നത്.

ഇ പി ജയരാജന്റെ പരാമര്‍ശം തൊഴിലുറപ്പ് തൊഴിലാളികളെ ണഅപമാനിക്കുന്നതിന് തുല്യമാണെന്നും ഷാജി വിമര്‍ശിച്ചു. ജയില്‍ പുള്ളികളെ പാവങ്ങളെന്ന് വിളിച്ച് വേതന വര്‍ധനയെ ന്യായീകരിച്ച ഇ പി ജയരാജന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ഇന്ന് പ്രതികരിച്ചിരുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളില്‍ ഒന്നാണ് ആശാവര്‍ക്കര്‍മാരുടേതെന്നും ആ സമരത്തോട് മുഖം തിരിച്ചുനിന്ന സര്‍ക്കാര്‍ ആണ് തടവുപുള്ളികളുടെ വേതനം വര്‍ധിപ്പിച്ചതെന്നും കെ എം ഷാജി ചൂണ്ടിക്കാട്ടി. 10 വര്‍ഷം ജയില്‍വാസം അനുഭവിച്ച് പുറത്തുവരുന്നവര്‍ക്ക് 20 ലക്ഷം രൂപ സമ്പാദ്യം ഉണ്ടാകും.

ഒരു പ്രവാസി 10 വര്‍ഷം തൊഴിലെടുത്താലും ഈ തുക സമ്പാദിക്കാന്‍ ആകില്ല. തൊഴിലുറപ്പ് പണിയേക്കാള്‍ നല്ലത് ജയിലില്‍ പോകുന്നതാണ്. തൊഴിലില്ലാത്തവര്‍ക്കും ജയിലില്‍ പോകുന്നത് നല്ലതായി തോന്നും. സര്‍ക്കാരിന്റേത് വികലമായ വീക്ഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശാവര്‍ക്കര്‍ മാരോടും അധ്യാപക സമൂഹത്തോടും സര്‍ക്കാര്‍ കാണിക്കുന്നത് നെറികേടാണെന്നും കെ എം ഷാജി ആഞ്ഞടിച്ചു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ആശാവര്‍ക്കര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് ബാധകം. മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശയാത്രയ്ക്ക് പണമുണ്ട്. സര്‍ക്കാരിന്റെ ആഡംബരത്തിനും പണമുണ്ട്. ജയില്‍ പുള്ളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത് കോടികളെന്നും കെ എം ഷാജി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*