
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ സ്വപ്നയുടെ ഓഫീസില്‍ വിജിലന്‍സ് പരിശോധന. വൈറ്റില സോണല്‍ ഓഫീസില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.
സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം ശേഖരിക്കുകയാണ് വിജിലന്‍സ് സംഘത്തിന്റെ ലക്ഷ്യം. അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് സ്വപ്നയെന്നാണ് വിജിലന്‍സ് എസ്.പി. വ്യക്തമാക്കിയത്. ഏറെക്കാലമായി ഇവര്‍ വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സ്വപ്നയുടെ തൃശ്ശൂരിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടിയത്. പരിശോധനയില്‍ കാറില്‍ നിന്നും 41,180 രൂപ കണ്ടെത്തിയിരുന്നു.
Be the first to comment