കൊച്ചി മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ പ്രത്യേയശാസ്ത്രങ്ങളിൽ എന്നും ഉറച്ചുനിൽക്കുന്ന ആളാണ് ദീപ്തി, അവർ അത് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തെറ്റുപറയാൻ പറ്റില്ല. പക്ഷെ പാർട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അന്തിമമാണ് അതിനകത്ത് എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിനകത്ത് ഐക്യം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് . കേരളത്തിൽ ഒരു മാറ്റം വേണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് അതിനായി എല്ലാവരും പരമാവധി യോജിച്ചുകൊണ്ട് പ്രവർത്തിച്ച് മുന്നോട്ട് പോകണം. വിട്ടുവീഴ്ചകൾ പരസ്പരം ചെയ്തുകൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടത്.കോൺഗ്രസിന് കോൺഗ്രസിന്റേതായ രീതികളുണ്ട്. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണിത്. അതാണ് കോൺഗ്രസിന്റെ സൗന്ദര്യം. അനുയോജ്യമായ കാര്യങ്ങൾ പാർട്ടി ആലോചിച്ച് എടുക്കുന്ന തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊച്ചി കോർപ്പറേഷൻ മേയറെ നിശ്ചയിച്ച നടപടിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്.മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ നേതൃത്വം മറുപടി പറയണമെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ഗ്രൂപ്പ് മാനേജർമാർ കൗൺസിലർമാരെ ഭീഷണിപ്പെടുത്തിയെന്ന് അജയ് തറയിൽ. എന്നാൽ താനും ദീപ്തി മേരി വർഗീസും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് നിയുക്ത മേയർ വി കെ മിനിമോൾ പറഞ്ഞു. ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാത്തതിൽ കോൺഗ്രസിനെതിരെ മുസ്ലിം ലീഗ് തുറന്നടിച്ചു.



Be the first to comment