അപകടം അരികെ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാതെ അധികൃതർ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞു വീണ മണ്ണ് ഇതുവരെ നീക്കം ചെയ്യുവാൻ തയാറാകാതെ ദേശീയപാത അതികൃതർ. ദേവികുളം എൽ പി സ്കൂളിന് സമീപമാണ് റോഡിലേക്ക് വൻ തോതിൽ മണ്ണ് ഇടിഞ്ഞു വീണത്. പാതയോരത്തു നിന്നും വലിയ തോതില്‍ മണ്ണും ഒപ്പം മരങ്ങളും റോഡിലേക്ക് പതിച്ചു. എന്നാല്‍, മണ്ണ് റോഡ് അരുകിലായതിനാല്‍ ഗതാഗത തടസമുണ്ടായില്ല. മണ്ണ് ഇത്തരത്തില്‍ കുന്നുകൂടി കിടക്കുന്നതില്‍ സമീപ വാസികള്‍ ആശങ്കയിലാണ്. ഇടവപ്പാതി സജീവമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മണ്ണ് നീക്കം ചെയ്യണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാവുകയാണ്.

മണ്ണ് ഇടിഞ്ഞു വീണതിനെ തുടർന്ന് ഓടകൾ അടഞ്ഞ നിലയിലാണ്. കാലവർഷം ശക്‌തമാകുന്നതോടെ ഓടകൾ നിറഞ്ഞ് റോഡിലൂടെ ഒഴുകിയെത്തുന്ന ചെളിയും മണ്ണും സമീപവാസികളുടെ വീടിനും ഭീഷണിയാണ്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് റോഡിന് താഴ്ഭാഗത്തായി നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ കുടുംബങ്ങളോട് വേണ്ടി വന്നാല്‍ സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

മണ്ണിടിച്ചില്‍ ഉണ്ടായതിന് മുകള്‍ ഭാഗത്ത് വിള്ളല്‍ സംഭവിച്ചതും കഴിഞ്ഞ മഴക്കാലത്ത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. മഴയ്ക്ക് മുമ്പ് മണ്ണ് നീക്കാതെ വന്നാല്‍ റോഡിലാകെ മണ്ണ് ഒഴുകി പരക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത് ഗതാഗതം ദുഷ്‌ക്കരമാക്കും, മാത്രവുമല്ല മണ്ണ് നീക്കാതെ വന്നാല്‍ മഴ പെയ്യുന്നതോടെ ഈ ഭാഗത്ത് റോഡിന് കൂടുതൽ മർദം താങ്ങേണ്ടതായും വരുന്നതു കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പ്രദേശവാസികള്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*