ഐഎന്‍എസ് മാഹി ‘ പിറന്നത്’ കൊച്ചിയിലെ ഈ കമ്പനിയില്‍; പ്രതിരോധമേഖലയില്‍ പുതുചരിത്രം

കൊച്ചി: രാജ്യത്ത് യുദ്ധക്കപ്പല്‍ ഡിസൈന്‍ രംഗത്തേയ്ക്ക് കാലെടുത്ത് വച്ച് സ്വകാര്യമേഖല. ഇന്ത്യന്‍ നാവികസേന തിങ്കളാഴ്ച ഐഎന്‍എസ് മാഹി കമ്മീഷന്‍ ചെയ്തപ്പോള്‍, അത് ഒരു പുതിയ അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് മാത്രമായിരുന്നില്ല, മറിച്ച് യുദ്ധക്കപ്പല്‍ ഡിസൈന്‍ രംഗത്തേയ്ക്കുള്ള സ്വകാര്യമേഖലയുടെ കടന്നുവരവിന് കൂടിയാണ് സാക്ഷ്യം വഹിച്ചത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) ആണ് ഐഎന്‍എസ് മാഹി നിര്‍മിച്ചത്. എന്നാല്‍ ഇത് ഡിസൈന്‍ ചെയ്തത് കൊച്ചിയിലുള്ള ഒരു സ്വകാര്യ സ്ഥാപനമാണ്. കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നേവല്‍ ആര്‍ക്കിടെക്ചര്‍ കമ്പനിയായ സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആണ് ചരിത്രം കുറിച്ചത്. യുദ്ധക്കപ്പല്‍ ഡിസൈന്‍ രംഗത്തേയ്ക്ക് പ്രവേശിക്കുന്ന ആദ്യ സ്വകാര്യ സ്ഥാപനം എന്ന റെക്കോര്‍ഡ് ആണ് കമ്പനി സ്വന്തമാക്കിയത്.

ആഴം കുറഞ്ഞ ജലാശയങ്ങളിലും പോരാട്ടം നടത്താന്‍ കഴിവുള്ള എട്ടു അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാനാണ് പ്രതിരോധവകുപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യത്തേതാണ് ഐഎന്‍എസ് മാഹി. ഇന്ത്യ അതിന്റെ പ്രതിരോധ വാസ്തുവിദ്യ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തതിന് ഐഎന്‍എസ് മാഹി പുതിയ ഒരു നാഴികക്കല്ലായി.

വിമാനവാഹിനിക്കപ്പലുകള്‍ പോലുള്ള മുന്‍നിര കപ്പലുകള്‍ തുടര്‍ന്നും വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ തന്നെ രൂപകല്‍പ്പന ചെയ്യുമെന്ന് സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹരിരാജ് പുളിയങ്കോടന്‍ പറഞ്ഞു. ‘കപ്പല്‍നിര്‍മ്മാണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരികയാണ്. ആ ശ്രമത്തിന്റെ ആദ്യ പ്രധാന ഫലമാണ് ഐഎന്‍എസ് മാഹി,’-ഹരിരാജ് പുളിയങ്കോടന്‍ പറഞ്ഞു. സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡില്‍ 153 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

നാവികസേനയുടെ ഓരോ ആവശ്യകതയും അനുസരിച്ചാണ് യുദ്ധക്കപ്പലിന്റെ രൂപകല്‍പ്പന വികസിപ്പിച്ചത്. ഇത്തരം യുദ്ധക്കപ്പലുകളില്‍ വളരെ ഒതുക്കമുള്ള ഫ്രെയിമില്‍ നൂതന സെന്‍സറുകള്‍, ആയുധങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ വഹിക്കേണ്ടതുണ്ട്. ഇതിനനുസരിച്ചാണ് ഡിസൈനിന് രൂപം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

നാവിക പദ്ധതികളില്‍ സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സിന്റെ പങ്ക് മാഹി-ക്ലാസില്‍ അവസാനിക്കുന്നില്ല. ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ നിലവില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന, 20,000 കോടി രൂപയുടെ വമ്പന്‍ ഫ്‌ലീറ്റ് സപ്പോര്‍ട്ട് ഷിപ്പ് പ്രോഗ്രാമിന്റെ രൂപകല്‍പ്പനയും കമ്പനിയാണ് നിര്‍വഹിച്ചത്. ”ഈ പദ്ധതിയുടെ കരാര്‍ ആദ്യം തുര്‍ക്കിയ്ക്ക് ആണ് നല്‍കിയിരുന്നത്. എന്നാല്‍ തുര്‍ക്കിയുമായുള്ള ബന്ധം വഷളായപ്പോള്‍ കരാര്‍ റദ്ദാക്കി. പദ്ധതി പൂര്‍ണ്ണമായും ഇന്ത്യയില്‍ പുനരാരംഭിച്ചു, ഞങ്ങള്‍ കപ്പലുകള്‍ പുതുതായി രൂപകല്‍പ്പന ചെയ്തു,’- സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സ് സിഇഒ ആന്റണി പ്രിന്‍സ് പറഞ്ഞു.

കപ്പല്‍ പ്രവര്‍ത്തനങ്ങള്‍, മാനേജ്‌മെന്റ്, നിര്‍മ്മാണം, രൂപകല്‍പ്പന എന്നിവയിലായി 50 വര്‍ഷത്തിലേറെ നാവിക പരിചയം ആന്റണിക്കുണ്ട്. ‘2007ല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ഓര്‍ഡറുകള്‍ക്കായി ബുദ്ധിമുട്ടുകയായിരുന്നു. കമ്പനിക്ക് അന്താരാഷ്ട്ര പ്രോജക്ടുകള്‍ ലഭിച്ചു. പക്ഷേ ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ കപ്പല്‍ രൂപകല്‍പ്പന സ്ഥാപനങ്ങള്‍ ഇല്ലെന്ന് മനസ്സിലാക്കി. അങ്ങനെ ഞാന്‍ സ്മാര്‍ട്ട് എന്‍ജിനിയറിങ് ആന്റ് ഡിസൈന്‍ സൊല്യൂഷന്‍സ് ആരംഭിച്ചു,”- അദ്ദേഹം പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*