അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി

കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍.

മറ്റൊരു സുഹൃത്ത് വഴിയാണ് അന്‍സിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം അന്‍സില്‍ പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴി ആസൂത്രിതമായാണ് അന്‍സിലിനെ വീട്ടിലെത്തിച്ചത്.

കേസില്‍ യുവാവിന്റെ പെണ്‍ സുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്തുന്നതിന് യുവതി വിഷം വാങ്ങിയ കടയില്‍ തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ കൂടി കണ്ടെത്തി കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം.

കോതമംഗലം സ്വദേശി അന്‍സിലിന് വിഷം നല്‍കുന്നതിന് ഒരു മാസം മുന്‍പ് തന്നെ കോതമംഗലം ചെറിയ പള്ളിത്താഴത്തുള്ള വളക്കടയില്‍ നിന്നും യുവതി നേരിട്ട് എത്തി കളനാശിനി വാങ്ങി. ഒരു ലിറ്ററിന്റെ കളനാശിനിക്ക് ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. തെളിവെടുപ്പിനിടെ കടയില്‍ ഉള്ളവര്‍ യുവതിയെ തിരിച്ചറിയുകയും ചെയ്തു. അന്‍സിലുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പരിഹാരം ആയില്ലെങ്കില്‍ ഇയാളെ വക വരുത്താന്‍ യുവതി ഒരു മാസം മുമ്പ് തന്നെ പദ്ധതി ഇട്ടിരുന്നു എന്നാണ് പൊലീസിന്റെ അനുമാനം.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സംഭവം നടന്ന വീട്ടിലെ സിസിടിവി ഡിവിആര്‍ കണ്ടെത്തുന്നതും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനോടൊപ്പം അന്‍സിലിന്റെ ബന്ധുക്കളുടെ മൊഴിയും യുവതിക്കൊപ്പം വരുത്തി ചോദ്യം ചെയ്യലും നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*