കൊച്ചി മേയർ സ്ഥാനം ലഭിക്കാൻ ലത്തീൻസഭ ഇടപെട്ടെന്ന വി കെ മിനിമോളുടെ പരാമർശത്തിൽ മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് . ധാർമികതയുടെ നേതാവാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ നേതാവെന്നും എസ് സതീഷ് കുറ്റപ്പെടുത്തി.
മേയറുടെ പരസ്യപ്രസ്താവനയിൽ സഭ ഇടപെട്ടു എന്നത് വ്യക്തമാണ്. ഒരു സാമൂദായിക സംഘടനയുടെയും തിണ്ണ നെരങ്ങുന്നവരല്ല ഞങ്ങൾ എന്നാണ് പ്രതിപക്ഷനേതാവ് പലതവണ പറഞ്ഞിട്ടുള്ളത്. എന്നാൽ ഈ പറയുന്നതിന് നേർ വിപരീതമായ കാര്യങ്ങളാണ് നടത്തുന്നതെന്ന് പിന്നീട് വരുന്ന ഓരോസംഭവങ്ങളിലൂടെയും തെളിയുകയാണ്. കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എഐസിസിയോ പ്രവർത്തനപരിചയമോ അല്ലെന്ന് വ്യക്തമായെന്നും എസ് സതീഷ് പറഞ്ഞു.
ദീപ്തി മേരി വർഗീസ്, വികെ മിനി മോൾ ,ഷൈനി മാത്യു ഈ മൂന്നു പേരുകളിൽ മേയർ സ്ഥാനം ലത്തീൻ സമുദായത്തിൽ നിന്ന് വേണമെന്ന് ആവശ്യം ഉയർന്നതോടെ ചർച്ച വി കെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേയർ പദവിക്കായി സഭ ഇടപെട്ടു എന്ന് വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം. മേയർ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാർ സംസാരിച്ചതിനായി വി കെ മിനിമോൾ പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലായിരുന്നു മേയറുടെ പരാമർശം.



Be the first to comment